ഒന്ന് കണ്ണോടിച്ചാൽ എത്ര ജീവികളാണല്ലേ നമുക്ക് ചുറ്റും, പുഴുവായും പൂമ്പാറ്റയായും എലിയായും പുലിയായും പല വർഗങ്ങളിലുള്ള വർണ്ണങ്ങളിലുള്ള ജീവികളാണ് നമ്മുടെ ഈ കൊച്ചുഭൂമിയിലുള്ളത്. വംശം അറ്റ് പോകാതെ ഈ ജീവിവർഗമെല്ലാം ഭൂമിയിൽ നിലനിന്നുപോകുന്നത് പ്രത്യുൽപ്പാദനത്തിന്റെ ഫലമായാണ്. ആൺജീവിയും പെൺജീവിയും ലൈംഗികബന്ധത്തിലേർപ്പെടുന്നതിന്റെ ഫലമായി കുഞ്ഞുങ്ങളുണ്ടാകുന്നു. ശാസ്ത്രം വളർന്നതോടെ അലൈംഗികമാർഗത്തിലൂടെയും പ്രത്യുൽപ്പാദനം സാധ്യമായി. ടിഷ്യൂകുഞ്ഞുങ്ങളും ക്ലോണിംഗ് ജീവികളും യാഥാർത്ഥ്യമായി. ഇത്തരം രീതികൾക്കെതിരെ വലിയ വിമർശനം പലകോണുകളിൽ നിന്നും ഉയരുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ ഒരു കോണിൽ ശാസ്ത്രം വളർന്ന് പന്തലിക്കുകയാണ്.
ഇപ്പോഴിതാ പ്രത്യുൽപ്പാദനം സംബന്ധിച്ചുള്ള ഒരു സിദ്ധാന്തം വിശദമായി അവതരിപ്പിച്ചിരിക്കുകയാണ് ശാസ്ത്രലോകം. ഇൻ വിട്രോ ഗെയിംടോജെനിസിസ് എന്നറിയപ്പെടുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വംശവർദ്ധനവ് സാധ്യമാക്കാനാണ് ഒരുപറ്റം ഗവേഷകർ പ്രയത്‌നിക്കുന്നത്. ഈ സാങ്കേതിക വിദ്യയിലൂടെ മനുഷ്യ ചർമ്മ കോശങ്ങളെ അണ്ഡമായും ബീജമായും മാറ്റാമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. അതായത് ചർമ്മകോശത്തിന്റെ ഉടമ ആണോ പെണ്ണോ ആയിക്കൊള്ളട്ടെ അതിൽ നിന്നും അണ്ഡമോ അതുമല്ലെങ്കിൽ ബീജമോ സൃഷ്ടിച്ചടുക്കാൻ സാധിക്കുമത്രേ. അതായത് പുരുഷനിൽ നിന്നുള്ള ചർമ്മകോശം അണ്ഡമായും സ്ത്രീയുടെ ചർമ്മകോശം ബീജമായും മാറാം. നേരെ തിരിച്ചും സംഭവിക്കാം. അതായത് കുഞ്ഞിന് ഒന്നിലധികം ജനിതകബന്ധമുള്ള മാതാപിതാക്കൾ ഉണ്ടാവാനും മാതാവോ പിതാവോ മാത്രം ഉണ്ടാവാനും ഉള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇൻ വിട്രോ ഗെയിംടോജെനിസിസ് പ്ലൂറിപോട്ടന്റ് സ്‌റ്റെം സെല്ലുകൾ എന്ന കോശമാണ് ഉപയോഗിക്കുന്നത്. വ്യത്യസ്ത കോശങ്ങളായി മാറാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേക. ഗവേഷണത്തിലൂടെ ഈ കോശങ്ങളെ അണ്ഡങ്ങളോ ബീജമോ ആക്കിമാറ്റുക എന്നതാണ് രീതി.
2012 ൽ എലിയിലെ വാലിലെ ചർമ്മകോശങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ സൃഷ്ടിച്ചു. രണ്ട് ജനിതക പിതാക്കൻമാരുള്ള എലികളെയും രണ്ട് ജനിതക മാതാക്കളുള്ള എലികളെയും ആണ് സൃഷ്ടിച്ചത്. സ്വവർഗ പുനരുൽപ്പാദനം സുഗമമാക്കുന്ന രീതിയാണിത്.
എന്നാൽ ഇൻ വിട്രോ ഗെയിംടോജെനിസിസ് മനുഷ്യനിൽ പരീക്ഷിക്കാൻ ഇനിയുമേറെ കാലം കാത്തിരിക്കേണ്ടിവരും. നിയമപ്രശ്നങ്ങളാണ് മൂലകാരണം. ഇൻ വിട്രോ ഗെയിംടോഡെനിസിസ് നിലവിൽ വരികയാണെങ്കിൽ ഐവിഎഫ് ചികിത്സ കാര്യക്ഷമമാകും. നിരന്തരമുള്ള ഹോർമോൺ കുത്തിവെയ്പ്പുകളുടെ ആവശ്യം ഇല്ലാതാകും. വന്ധ്യതയെ മറികടക്കാൻ സാങ്കേതികവിദ്യയ്ക്ക് കഴിയും. ഉദാഹരണത്തിന്, അണ്ഡാശയങ്ങൾ പ്രവർത്തിക്കാതെ അല്ലെങ്കിൽ ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾക്ക് അണ്ഡം ഉൽപ്പാദിപ്പിക്കാൻ ഇത് ഉപയോഗിക്കാം. മൂന്നാമതായി,സ്വവർഗ ദമ്പതികൾക്ക് രണ്ടുപേരുമായും ജനിതക ബന്ധമുള്ള കുട്ടികളുണ്ടാകാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.
എന്നാൽ ഈ സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ പോരായ്മ, അപ്പോഴും ഭ്രൂണത്തെ വഹിക്കാൻ ഗർഭപാത്രം കൂടിയേ തീരു എന്നതാണ്. ചർമ്മകോശങ്ങൾ ഉപയോഗിച്ച് ഭ്രൂണം സൃഷ്ടിച്ചാൽ പോലും അത് പൂർണവളർച്ചയുള്ള കുഞ്ഞായി മാറാൻ സറോഗേറ്റ് ആവശ്യമാണ്. മറ്റൊന്ന് കുട്ടിയുടെ നിയമപരമായ രക്ഷിതാക്കൾ ആരാണെന്ന ചോദ്യവും ഇൻ വിട്രോ ഗെയിംടോജെനിസിസ് ഉയർത്തുന്നു. രണ്ടിൽ കൂടുതൽ ജനിതക മാതാപിതാക്കളുള്ള അല്ലെങ്കിൽ ഒരാൾ മാത്രമുള്ള കുട്ടികളെ സൃഷ്ടിക്കാൻ ഇൻ വിട്രോ ഗെയിംടോജെനിസിസ് സൈദ്ധാന്തികമായി ഉപയോഗിക്കാം. രക്ഷാകർതൃത്വത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ നിലവിലെ ധാരണകൾ മാറ്റി മറിയ്ക്കാം.
ഒരേ വ്യക്തിയിൽ നിന്ന് അണ്ഡവും ബീജവും ഉപയോഗിച്ച് കൊണ്ട് ഇൻ വിട്രോ ഗെയിംടോജെനിസിസ് ”സോളോ റീപ്രൊഡക്ഷൻ” സുഗമമാക്കും. രസകരമെന്നു പറയട്ടെ, ഈ രീതിയിൽ സൃഷ്ടിച്ച ഒരു കുട്ടി അതിന്റെ രക്ഷിതാവിന്റെ ഒരു ക്ലോണായിരിക്കില്ല. ഭാവിയിൽ ഡിസൈനിംഗ് ബേബികളെ സൃഷ്ടിക്കാനും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചേക്കാം. എന്നാൽ ഒട്ടേറെ നിയമങ്ങളാണ് ഈ രീതിയ്ക്ക് തടസ്സമാകുന്നത്. പാരമ്പേര്യത കുടുംബബന്ധങ്ങളെ തച്ചുടയ്ക്കുന്നതാണ് ഈ രീതിയെന്നാവും ഉയർന്നുവരുന്ന പ്രധാനവാദം.













Discussion about this post