തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകളിൽ വർദ്ധനവ് തുടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാത്രം 199 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണവും ഉയരുകയാണ്. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഉള്ളത് കേരളത്തിലാണ്. 1,523 പേർക്കാണ് സംസ്ഥാനത്ത് നിലവിൽ രോഗം ബാധിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആവർത്തിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ജാഗ്രത ഉണ്ടാകണം. മറ്റ് രോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധ പുലർത്തണം. പുതിയ ഉപവകഭേദം ഇന്ത്യയിൽ ആദ്യം വന്നത് കേരളത്തിലല്ലെന്നും ആദ്യം സ്ഥിരീകരിച്ചതാണ് കേരളത്തിലെന്നും മന്ത്രി പറഞ്ഞു.
അമേരിക്കയിൽ ആദ്യം സ്ഥിരീകരിക്കുകയും ചൈനയിൽ അതിവേഗ വ്യാപനത്തിന് കാരണമാകുകയും ചെയ്ത കൊവിഡിന്റെ പുതിയ ഉപവകഭേദം ‘ജെഎൻ.1’ കേരളത്തിൽ സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാരാണ് വ്യക്തമാക്കിയത്. 79 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് പുതിയ ഉപവകഭേദം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതയും തയ്യാറെടുപ്പുകളും ശക്തമാക്കിയിരിക്കുകയാണ്. വിദേശത്ത് നിന്നും എത്തുന്നവർ കൂടുതലുള്ള കേരളത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
Discussion about this post