ന്യൂഡൽഹി: ഡൽഹി മദ്ധ്യ നയവുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനോട് വരുന്ന 21 ന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
കേസിൽ ഇത് രണ്ടാം തവണയാണ് കെജ്രിവാളിനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്യാൻ വിളിക്കുന്നത്. സമൻസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ കെജ്‌രിവാൾ വിസമ്മതിച്ചിരുന്നു.
2021ൽ അവതരിപ്പിച്ച ഡൽഹി മദ്യവിൽപ്പന നയവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. നയമനുസരിച്ച്, മിക്ക സംസ്ഥാനങ്ങളിലെയും മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിച്ച്, സർക്കാരിന് ഇനി മദ്യവിൽപ്പനയുമായി യാതൊരു ബന്ധവുമില്ല എന്ന തീരുമാനത്തിൽ ഡൽഹി സർക്കാർ എത്തിച്ചേർന്നു. മാത്രമല്ല സ്വകാര്യ ഷോപ്പുകൾക്ക് മാത്രമേ പുതിയ നയമനുസരിച്ച് മദ്യവില്പനയ്ക്ക് അനുമതിയുണ്ടായിരുന്നുള്ളൂ. കരിഞ്ചന്ത അവസാനിപ്പിക്കുക, വരുമാനം വർദ്ധിപ്പിക്കുക, ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്നിവയായിരുന്നു ഡൽഹി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ
എന്നാൽ അധികം വൈകാതെ തന്നെ ഈ പരിഷ്‌കാരങ്ങൾ പ്രശ്നത്തിലായി. സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുണ്ട് എന്ന് ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി.
നയം പിന്നീട് റദ്ദാക്കുകയും ഡൽഹി ലെഫ്റ്റനന്റ് ഗവർണർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയും ചെയ്തു. ഇതിനെ തുടർന്ന് ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
മനീഷ് സിസോദിയ, സഞ്ജയ് സിംഗ് തുടങ്ങിയ എഎപി നേതാക്കളെ കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇഡി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിയമങ്ങൾ വളച്ചൊടിച്ചെന്നും മദ്യവിൽപ്പന ലൈസൻസികൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയെന്നും ആരോപിച്ച് ഡൽഹി ഗവർണർ സക്‌സേനയാണ് (സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ടത്. ഡൽഹിയിലെ ഉന്നത ബ്യൂറോക്രാറ്റിന്റെ റിപ്പോർട്ട് ഉദ്ധരിച്ചായിരിന്നു ഇത്.
Discussion about this post