വാഷിംഗ്ടൺ : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾക്ക് മുന്നോടിയായി അമേരിക്കയിലെ ഹിന്ദുമത വിശ്വാസികൾ വമ്പൻ ആഘോഷങ്ങൾ ഒരുക്കി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി വാഷിംഗ്ടണിൽ കാർ,ബൈക്ക് റാലികളും നടത്തി.
വാഷിംഗ്ടണിലെ മേരിലാൻഡിലുള്ള പ്രാദേശിക ഹിന്ദു ക്ഷേത്രമായ ശ്രീ ഭക്ത ആഞ്ജനേയ ക്ഷേത്രത്തിൽ നിന്നുമാണ് കാർ, ബൈക്ക് റാലികൾ സംഘടിപ്പിച്ചത്. കുട്ടികളും വൃദ്ധരും അടക്കമുള്ള നിരവധി ഹിന്ദുമത വിശ്വാസികൾ ആഘോഷ പ്രകടനങ്ങളിൽ പങ്കെടുത്തു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വാഷിംഗ്ടൺ ഡിസി ഏരിയയിൽ ചരിത്രപരമായ ആഘോഷമാണ് തങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഇവന്റിന്റെ സംഘാടകരിലൊരാളായ വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക ഡിസി ചാപ്റ്റർ പ്രസിഡന്റ് മഹേന്ദ്ര സാപ വ്യക്തമാക്കി.
2024 ജനുവരി 20ന് ഭക്തിനിർഭരമായ ആഘോഷങ്ങളും അമേരിക്കൻ ഹിന്ദുക്കൾ സംഘടിപ്പിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. “ഹിന്ദുക്കളുടെ 500 വർഷത്തെ പോരാട്ടത്തിന് ശേഷം ശ്രീരാമക്ഷേത്രം ഉദ്ഘാടനം ചെയ്യുകയാണ്. അതിനാൽ 2024 ജനുവരി 20-ന് വാഷിംഗ്ടൺ ഡിസി ഏരിയയിൽ ഏകദേശം 1000 അമേരിക്കൻ ഹിന്ദു കുടുംബങ്ങൾക്കൊപ്പം ഞങ്ങൾ ചരിത്രപരമായ ഒരു ആഘോഷം സംഘടിപ്പിക്കുന്നതായിരിക്കും. ഈ ആഘോഷത്തിൽ രാംലീല, ശ്രീരാമ കഥകൾ, പ്രാർത്ഥനകൾ, ഭജനകൾ ഇങ്ങനെയുള്ള ഭക്തിനിർഭരമായ പരിപാടികൾ ആയിരിക്കും ഉണ്ടാവുക” എന്നും യുഎസ് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.
Discussion about this post