തൃശ്ശൂര്‍: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയ നരഭോജി കടുവയുടെ ശസ്ത്രക്രിയ നാളെ നടത്താൻ തീരുമാനം. വെറ്റിനറി സർവകലാശാലയിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിൽ നാളെ ഉച്ചയോടെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കടുവയെ മയക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് നൽകി.
കടുവയുടെ മുഖത്ത് പറ്റിയ മുറിവ് ആഴത്തിലുള്ളതാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. മുറിവിന് എട്ട് സെന്റിമീറ്ററോളം ആഴമുണ്ട്. വനത്തിൽ കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ പറ്റിയ മുറിവാകാം ഇതെന്നാണ് നിഗമനം. കടുവയ്ക്ക് ശാരീരിക അവശതയും കടുത്ത വേദനയുമുണ്ടെന്ന് സുവോളജിക്കൽ പാര്‍ക്കിൽ നിന്ന് അറിയിച്ചിട്ടുണ്ട്. ഇന്നലെയാണ് കടുവയെ പുത്തൂർ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയത്. 40 മുതൽ 60 ദിവസം വരെ കടുവയെ ക്വാറന്റൈനിൽ നിർത്താനാണ് നിലവിലെ തീരുമാനം.
പ്രജീഷിന്റെ മരണത്തിന് കാരണക്കാരനായ നരഭോജി കടുവയെ കൊല്ലണമെന്ന് ആവശ്യപ്പെട്ട് വാകേരിയിൽ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. എന്നാൽ കൂട്ടിൽ അകപ്പെട്ട കടുവയെ വെടിവെച്ച് കൊല്ലാൻ കഴിയില്ലെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കുകയായിരുന്നു.
പ്രജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയതിന്റെ പത്താം ദിവസമാണ് കടുവ കൂട്ടിൽ അകപ്പെടുന്നത്. കഴിഞ്ഞ പത്തോളം ദിവസങ്ങളായി കടുവയ്ക്കായി വനം വകുപ്പ് വലിയ രീതിയിൽ തന്നെ തിരച്ചിൽ നടത്തിയിരുന്നു. നരഭോജി കടുവ മനുഷ്യജീവന് ഭീഷണി ഉയർത്തിയതിനാൽ കോടതിയിൽ നിന്നും കടുവയെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് ലഭിച്ചിരുന്നു. എന്നാൽ, മയക്കുവെടി വയ്ക്കാൻ സാധിച്ചില്ലെങ്കിൽ മാത്രമാണ് വെടിവച്ച് കൊല്ലാൻ ഉള്ള ഉത്തരവ് ഉണ്ടായിരുന്നത്.
നരഭോജി കടുവയെ പിടികൂടുന്നതിനായി അഞ്ചു കൂടുകളും 35-ഓളം ക്യാമറകളും ഈ പ്രദേശത്ത് പലയിടങ്ങളിലായി സ്ഥാപിച്ചിരുന്നു. ഒടുവിൽ പ്രജീഷിന്റെ മൃതദേഹം കിടന്നിരുന്ന കൂടല്ലൂര്‍ കോളനിക്കവലയിലെ തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവ കൂട്ടിലായതോടെ ധാരാളം ആളുകൾ ഇവിടെ സംഘടിച്ച് എത്തിയിരുന്നു. കടുവയെ ഉടൻതന്നെ വെടിവെച്ചു കൊല്ലണമെന്ന് ഇവർ വലിയ രീതിയിൽ പ്രതിഷേധമുയർത്തി.
Discussion about this post