മുംബൈ: പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ വീഞ്ഞ് കുടിപ്പിച്ച ശേഷം നിർബന്ധിച്ച് ബൈബിൾ വായിപ്പിച്ച സംഭവത്തിൽ മിഷണറി സ്ഥാപനത്തിനിതിരെ കേസെടുത്ത് മഹാരാഷ്ട്ര പോലീസ്. അമ്മ മരിച്ചു പോയ ഒൻപതും പതിനൊന്നും വയസ്സുള്ള പെൺകുട്ടികളെയാണ് സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചത്.
സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ വിശദീകരണം തേടി. നിർബന്ധിച്ച് ബൈബിൾ വായിപ്പിച്ചതിന് പുറമെ കുട്ടികളെ മാനസികമായി പീഡിപ്പിക്കുകയും ബാലവേല ചെയ്യിപ്പിക്കുകയും ചെയ്തതായും കമ്മീഷൻ കണ്ടെത്തി. പണ്ഡിത രമാഭായി മുക്തി മിഷൻ എന്ന സ്ഥാപനത്തിനും ഇവിടത്തെ മേട്രണ്മാരായ സാക്ഷി ഭലേറാവു, നിഷാ മൂർ, വൈശാലി ഭാസ്കർ എന്നിവർക്കുമെതിരെ പൂനെ പോലീസ് എഫ് ഐ ആർ രജിസ്ടർ ചെയ്തു.
ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ എന്ന എൻ ജി ഒ നൽകിയ പരാതിയിലാണ് നടപടി. മതപരിവർത്തനം ചെറുത്ത പെൺകുട്ടികളെ കൊണ്ട് പ്രതികൾ പൊതുശൗചാലയങ്ങൾ കഴുകിക്കുകയും മതിയായ ഭക്ഷണം നിഷേധിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ഹൈന്ദവ ആചാര പ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും തിലകം ചാർത്തുന്നതും പ്രതികൾ നിഷേധിക്കുകയും ചെയ്തിരുന്നു.
സാമ്പത്തിക സഹായവും വിദേശ വിദ്യാഭ്യാസവും സന്തുഷ്ടമായ ഭാവി വൈവാഹിക ജീവിതവും വാഗ്ദാനം ചെയ്താണ് മിഷണറിമാർ കുട്ടികളെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ട് പോയതെന്ന് കുട്ടികളുടെ മാതൃസഹോദരി പറഞ്ഞു. കുട്ടികളുടെ സ്പോൺസർഷിപ്പിന്റെ പേരിൽ പ്രതികൾ വിദേശത്ത് നിന്നും ഫണ്ട് സ്വീകരിച്ചിരുന്നതായും പരാതികൾ ഉയരുന്നുണ്ട്. ഇക്കാര്യവും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. വർഷങ്ങളായി കുടുംബവുമായി അകന്ന് കഴിയുകയാണ് ഇവരുടെ പിതാവ്.
Discussion about this post