ന്യൂഡൽഹി: മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആകെ 358 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 292 കേസുകളും കേരളത്തിലാണ്.
രാജ്യത്ത് ആകെ 2,669 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിലുള്ളത്. ഇതിൽ 2,041 കേസുകളും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,33,327 ആയി.
കേരളത്തിന് പുറമേ ഡൽഹി, ഗോവ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി, പഞ്ചാബ്, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്നും പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകുന്നു.
Discussion about this post