ലക്‌നൗ: ഗുരുതരാവസ്ഥയിൽ കഴിയുന്ന സഹോദരന് വൃക്കം ദാനം ചെയ്തതിന് യുവതിയെ വാട്‌സാആപ്പിലൂടെ മുത്തലാഖ് ചെയ്ത് വിവാഹബന്ധം വേർപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ ബൈയാഹി ഗ്രാമത്തിലാണ് സംഭവം. സൗദി അറേബ്യയിൽ ജോലി ചെയ്ത് വരുന്ന റാഷിദ് എന്ന യുവാവാണ് വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
യുവതിയുടെ സഹോദരൻ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എത്രയും പെട്ടെന്ന് വൃക്ക മാറ്റി വച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാവുമെന്ന് ഡോക്ടർമാർ പറഞ്ഞതോടെ യുവതി സഹോദരന് വൃക്ക ദാനം ചെയ്യാൻ തയ്യാറായി. തുടർന്ന് സൗദിയിലുള്ള ഭർത്താവിനെയും ഇക്കാര്യം അറിയിച്ചു. അഞ്ചുമാസം മുൻപാണ് ഇക്കാര്യങ്ങളെല്ലാം നടന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തിയ യുവതിയോട് ഭർതൃവീട്ടുകാർ വളരെ മോശമായാണ് പെരുമാറിയത്. വൃക്ക നൽകിയതിന് പകരം 40 ലക്ഷം രൂപ നൽകാൻ സഹോദരനോട് ആവശ്യപ്പെടണമെന്ന് റാഷിദ് ഭാര്യയോട് പറഞ്ഞു. ഇതിന് തയ്യാറാകാതെ വന്നതോടെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയത്. തുടർന്നും യുവതി ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിച്ചു. എന്നാൽ, ഭർത്താവിന്റെ വീട്ടുകാരുടെ എതിർപ്പ് സഹിക്കാൻ കഴിയാതായതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ഇതിന് മുൻപും വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാളിയായ ഭർത്താവ് വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയായിരുന്നു ഉയർന്നത്. ഈ കഴിഞ്ഞ സെപ്തംബറിലാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. ദക്ഷിണ കന്നഡ ജില്ലയിൽ താമസിക്കുന്ന യുവതി സുള്ള്യ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. തൃശൂർ സ്വദേശിയായ അബ്ദുൾ റഷീദിനെതിരായാണ് യുവതി പരാതി നൽകിയത്.
2019 ഓഗസ്റ്റ് 1 ന് മുത്തലാഖ് നിരോധന നിയമം രാജ്യത്ത് നിലവിൽ വന്നിട്ടുണ്ട്. എല്ലാവർഷവും ഈ ദിവസം മുസ്ലീംവനിതാ അവകാശദിനമായാണ് ആചരിക്കുന്നത്. ഈ നിയമപ്രകാരം മുത്തലാഖ് 3 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഭർത്താവ് മുത്തലാഖ് ചൊല്ലിയ മുസ്ലീം സ്ത്രീയ്ക്ക് മജിസ്ട്രേറ്റിന്റെ ഇടപെടലോടെ തന്റെ പ്രായപൂർത്തിയാകാത്ത മക്കളുടെ സംരക്ഷണത്തിന് അർഹതയുണ്ടെന്നും നരേന്ദ്രമോദി സർക്കാർ പാസ്സാക്കിയ ഈ നിയമത്തിൽ വ്യവസ്ഥയുണ്ട്
Discussion about this post