ന്യൂഡല്‍ഹി:റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ട്. ആറാം തവണയാണ് ദേശീയ തലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഒരു ഫ്രഞ്ച് നേതാവ് മുഖ്യാതിഥിയായി എത്തുന്നത്.
നേരത്തേ, ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചിരുന്നു. ജൂലായില്‍ നടന്ന ഫ്രാന്‍സിന്റെ ബാസ്റ്റില്‍ ഡേ പരേഡില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യാതിഥി. ചടങ്ങില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ഫ്രഞ്ച് ആര്‍മ്മിക്കൊപ്പം പരേഡ് ചെയ്തിരുന്നു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധത്തിന്റെ 25 വാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി ഫ്രാന്‍സ് സന്ദര്‍ശിച്ചത്.
കൂടാതെ ഇന്ത്യയില്‍ നടന്ന ജി20 ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് മാക്രോണ്‍ സെപ്റ്റംബറില്‍ ഇന്ത്യയില്‍ എത്തിയിരുന്നു. സന്ദര്‍ശനത്തിനു ശേഷം ഇന്ത്യഫ്രാന്‍സ് ബന്ധം പുരോഗതിയുടെ പുതിയ ഉയരങ്ങളില്‍ എത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധം , ബഹിരാകാശ ഗവേഷണം , വ്യാപാരം, നിക്ഷേപം , വിദ്യാദ്യാസം , സാംസ്‌കാരിക രംഗം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയും ഫ്രാന്‍സും അടുത്ത് സഹകരിക്കുന്നു.
Discussion about this post