ന്യൂഡൽഹി: സംസ്ഥാനത്ത് കൊവിഡ് കേസുകളും മരണങ്ങളും ഉയരുന്നു. തുടർച്ചയായി മൂന്നാം ദിവസവും ഇരുനൂറിന് മുകളിൽ പ്രതിദിന കൊവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് കൊവിഡ് മരണങ്ങളും ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 2872 ആണ്. ഇന്നലെ രാജ്യത്താകെ 423 കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ 83.97 ശതമാനം കൊവിഡ് രോഗികളും നിലവിൽ കേരളത്തിലാണ്.
കേരളത്തിന് പുറമേ കർണാടകയിലും കൊവിഡ് കേസുകൾ ഉയരുകയാണ്. ഇന്നലെ 70 പുതിയ കേസുകളാണ് കർണാടകയിൽ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 3420 ആയി. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുമ്പോഴും കാര്യമായ നിയന്ത്രണങ്ങൾക്കോ പ്രത്യേക മാർഗനിർദേശങ്ങൾക്കോ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. ഏറ്റവും കൂടുതൽ പരിശോധനകൾ നടക്കുന്നത് സംസ്ഥാനത്താണ് എന്ന പതിവ് പല്ലവി ആവർത്തിക്കുകയാണ് സർക്കാർ. എന്നാൽ പ്രതിദിനം എത്ര പരിശോധനകൾ നടക്കുന്നു എന്നതിന്റെ കണക്കൊന്നും സർക്കാർ ഔദ്യോഗികമായി പൊതുജനങ്ങൾക്കായി ലഭ്യമാക്കുന്നില്ല.
സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം പോലും അടുത്ത ദിവസം കേന്ദ്ര സർക്കാർ പുറത്ത് വിടുമ്പോൾ മാത്രമാണ് ജനങ്ങൾ അറിയുന്നത്. ഇത് ജാഗ്രത പാലിക്കുന്നതിനോ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോ ജനങ്ങളെ പ്രേരിപ്പിക്കുന്നില്ല എന്ന വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പ്രതിദിന കൊവിഡ് കേസുകൾ വൈകുന്നേരങ്ങളിൽ പ്രസിദ്ധീകരിക്കുന്ന പതിവോ ആരോഗ്യ മന്ത്രിയുടെ പ്രതിദിന വാർത്താക്കുറിപ്പുകളോ നിലവിൽ പുറപ്പെടുവിക്കുന്നില്ല.
സംസ്ഥാനത്ത് ആഘോഷവേദികളിലും രാഷ്ട്രീയ യോഗങ്ങളിലുമൊക്കെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജനങ്ങൾ നിലവിൽ പങ്കെടുക്കുന്നത്. കൊവിഡ് കണക്കിലെടുത്ത് കേരളത്തിന്റെ നാലിലൊന്ന് കേസുകൾ പോലും പ്രതിദിനം റിപ്പോർട്ട് ചെയ്യാത്ത ആന്ധ്രാ പ്രദേശിൽ പോലും വലിയ ചടങ്ങുകളിൽ മാസ്ക് ധരിക്കാൻ നിർദേശം നൽകുമ്പോൾ സംസ്ഥാനത്ത് അത്തരത്തിലുള്ള യാതൊരു നിയന്ത്രണങ്ങൾക്കും ആരോഗ്യ വകുപ്പോ സർക്കാരോ തയ്യാറാകുന്നില്ല എന്നത് ആശങ്കാജനകമായി തുടരുന്നു.
Discussion about this post