മുംബൈ: ഓസ്ട്രേലിയക്കെതിരായ വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. ഒന്നാം ഇന്നിംഗ്സിൽ 219 റൺസിന് സന്ദർശകരെ പുറത്താക്കിയ ഇന്ത്യ, മറുപടിയായി 406 റൺസ് നേടി. ഒന്നാം ഇന്നിംഗ്സിൽ വൻ ലീഡ് വഴങ്ങിയ ഓസീസ്, മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റ് നഷ്ടത്തിൽ 233 എന്ന നിലയിലാണ്. നിലവിൽ 46 റൺസിന്റെ ലീഡാണ് ഓസീസിന് ഉള്ളത്.
ക്ഷമയോടെ നിലയുറപ്പിച്ച ശേഷം പിടിമുറുക്കാമെന്ന ഓസീസ് തന്ത്രത്തെ മികച്ച രീതിയിൽ നേരിടാൻ സാധിച്ചതാണ് മത്സരത്തിൽ ഇന്ത്യക്ക് മേൽക്കൈ നൽകിയത്. 73 റൺസെടുത്ത തഹ്ലിയ മക്ഗ്രാത്തിനെയും 32 റൺസെടുത്ത ഓസ്ട്രേലിയൻ ക്യാപ്ടൻ അലീസ ഹീലിയെയും മികച്ച രണ്ട് പന്തുകളിൽ വീഴ്ത്തി ക്യാപ്ടൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സ്നേഹ് റാണക്കും 2 വിക്കറ്റുണ്ട്.
നേരത്തേ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ, തഹ്ലിയ മക്ഗ്രാത്തിന്റെ അർദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് 219 റൺസ് നേടിയത്. 4 വിക്കറ്റ് വീഴ്ത്തിയ പൂജ വസ്ത്രകാറും 3 വിക്കറ്റ് വീഴ്ത്തിയ സ്നേഹ് റാണയും 2 വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയും ചേർന്നാണ് ഓസീസിനെ ഒതുക്കിയത്.
ഒന്നാം ഇന്നിംഗ്സിൽ സ്മൃതി മന്ഥാന, റിച്ച ഘോഷ്, ജെമീമ റോഡ്രിഗസ് ദീപ്തി ശർമ്മ എന്നിവർ ഇന്ത്യക്ക് വേണ്ടി അർദ്ധ സെഞ്ച്വറികൾ കുറിച്ചു. ദീപ്തി 78 റൺസും സ്മൃതി 74 റൺസും ജെമീമ 73 റൺസും റിച്ച 52 റൺസും നേടി. ഓസ്ട്രേലിയക്ക് വേണ്ടി അഷ്ലി ഗാർഡ്നർ 4 വിക്കറ്റ് വീഴ്ത്തി.
നിലവിൽ 12 റൺസുമായി അനബെൽ സതർലൻഡും 7 റൺസുമായി ഗാർഡ്നറുമാണ് ക്രീസിൽ.
Discussion about this post