തിരുവനന്തപുരം : രണ്ടാം സർക്കാരിൽ വീണ്ടും മന്ത്രിസഭ പുനഃസംഘടന. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും രാജിവെച്ചു. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ആയിരിക്കും പകരം മന്ത്രിസ്ഥാനങ്ങളിലേക്ക് എത്തുക എന്നാണ് സൂചന. രണ്ടാം തവണയാണ് ഈ സർക്കാരിൽ മന്ത്രിസഭാ പുനഃസംഘടന നടത്തുന്നത്.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ആന്റണി രാജു ക്ലിഫ് ഹൗസിലെത്തി. പുതിയ മന്ത്രിമാർ ഈ മാസം 29ന് ആയിരിക്കും സത്യപ്രതിജ്ഞ നടത്തുക. നവംബറിൽ നടക്കേണ്ടിയിരുന്ന മന്ത്രിസഭാ രൂപീകരണം നവ കേരള സദസ്സ് പര്യടനം കാരണം വൈകുകയായിരുന്നു. ഘടകകക്ഷികളായ നാല് എം.എൽ.എമാർക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകുമെന്നായിരുന്നു ആദ്യ മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടാക്കിയിരുന്ന ധാരണ.
ഈ ധാരണ പ്രകാരമാണ് രണ്ടര വർഷം പൂർത്തിയാക്കിയ ഗതാഗത മന്ത്രി ആൻറണി രാജുവും,തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലും മാറി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയിലേക്ക് എത്തുന്നത്.
ആൻറണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും അഹമ്മദ് ദേവർ കോവിൽ ഒഴിയുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ലഭിച്ചേക്കും. ഇതേ വകുപ്പുകൾ നേരത്തെയും കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരാണ് ഇരുവരും. ഈ മാസം 29ന് രാജ്ഭവനിൽ വച്ചായിരിക്കും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്തുന്നത്.
Discussion about this post