മുംബൈ: ഇംഗ്ലണ്ടിന് പിന്നാലെ വനിതാ ടെസ്റ്റിൽ ഓസ്ട്രേലിയയെയും തറപറ്റിച്ച് ചരിത്രം കുറിച്ച് ടീം ഇന്ത്യ. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയക്കെതിരെ വനിതാ ടെസ്റ്റിൽ ആദ്യമായാണ് ഇന്ത്യ ജയം നേടുന്നത്.
ഒന്നാം ഇന്നിംഗ്സിൽ നിർണായകമായ 187 റൺസിന്റെ ലീഡ് നേടിയ ശേഷം ഓസ്ട്രേലിയയെ രണ്ടാം ഇന്നിംഗ്സിൽ 261 റൺസിന് പുറത്താക്കിയതോടെ, ഇന്ത്യയുടെ വിജയലക്ഷ്യം കേവലം 75 റൺസ് ആയി കുറിക്കപ്പെട്ടു. ഷഫാലി വർമയെയും റിച്ച ഘോഷിനെയും തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടുവെങ്കിലും പുറത്താകാതെ 38 റൺസുമായി നങ്കൂരമിട്ട സ്മൃതി മന്ഥാന ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ലഞ്ചിന് ശേഷം അധികം സമയം കളയാതെ ഇന്ത്യ വിജയം ആഘോഷിച്ചു.
നേരത്തേ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ, തഹ്ലിയ മക്ഗ്രാത്തിന്റെ അർദ്ധ സെഞ്ച്വറിയുടെ കരുത്തിൽ ഒന്നാം ഇന്നിംഗ്സിൽ 219 റൺസ് നേടിയിരുന്നു. സ്മൃതി മന്ഥാന, റിച്ച ഘോഷ്, ജെമീമ റോഡ്രിഗസ് ദീപ്തി ശർമ്മ എന്നിവർ നേടിയ അർദ്ധ സെഞ്ച്വറികളുടെ കരുത്തിൽ മറുപടിയായി 406 റൺസ് പടുത്തുയർത്താൻ ഇന്ത്യക്ക് സാധിച്ചത് മത്സരത്തിൽ നിർണായകമായി.
Discussion about this post