ന്യൂഡൽഹി : രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സിപിഐഎം പ്രസ്താവനക്കെതിരെ പരിഹാസവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മീനാക്ഷി ലേഖി. കേന്ദ്രസർക്കാർ എല്ലാവർക്കും ക്ഷണം അയച്ചിട്ടുണ്ട്. പക്ഷേ ഭഗവാൻ ശ്രീരാമൻ കൂടി വിളിക്കുന്നവർക്ക് മാത്രമേ പട്ടാഭിഷേക ചടങ്ങിൽ പങ്കെടുക്കാൻ കഴിയുകയുള്ളൂ എന്നാണ് മീനാക്ഷി ലേഖി വ്യക്തമാക്കിയത്.
രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ പങ്കെടുക്കില്ലെന്നും സിപിഐഎം നേതാവ് സീതാറാം യെച്ചൂരിയും ബൃന്ദ കാരാട്ടും നേരത്തെ വ്യക്തമാക്കിയിരുന്നു. മതപരം എന്നതിനേക്കാൾ ഉപരിയായി രാമക്ഷേത്ര പ്രതിഷ്ഠ രാഷ്ട്രീയ ചടങ്ങ് ആണെന്നാണ് പങ്കെടുക്കാത്തതിന് കാരണമായി സിപിഐഎം നേതാക്കൾ വ്യക്തമാക്കിയത്. സിപിഐഎം നേതാക്കളുടെ ഈ പ്രസ്താവനയെ ആണ് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി രൂക്ഷമായി വിമർശിച്ചത്.
മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉൾപ്പെടെ നിരവധി പ്രതിപക്ഷ നേതാക്കൾക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. 4000 ത്തോളം സന്യാസിമാരെയും പ്രാണ പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. അതേസമയം, ചടങ്ങിൽ പങ്കെടുക്കുമോയെന്ന് കോൺഗ്രസ് സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post