തിരുവനന്തപുരം: നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. 36 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വീടിന് പുറകിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത – സജി ദമ്പതികളുടെ മകൻ ശ്രീദേവ് ആണ് മരിച്ചത്.
സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെ പോത്തൻകോട് പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.
പുലർച്ചെ മൂന്നരയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് സജി പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. കിണറിന്റെ കൈവരിയിൽ കുഞ്ഞിന്റെ ടൗവൽ കണ്ടതിനെ തുടർന്ന് പോലീസ് കഴക്കൂട്ടം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയാണ് കുഞ്ഞിനെ കാണാതായതെന്നാണ് വിവരം. വീടിന്റെ പുറകിലെ വാതിൽ തുറന്നു കിടന്നിരുന്നതായി കുടുംബം പറയുന്നു. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Discussion about this post