ഇടുക്കി : മൂന്നാറിൽ കാട്ടാനയായ പടയപ്പ ജനവാസ മേഖലയിലേക്ക് ഇറങ്ങി. സഞ്ചാരികളുടെ ഭാഗത്ത് നിന്നും ആനയെ പ്രകോപിപ്പിക്കാൻ വലിയ ശ്രമം ഉണ്ടായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. ആനക്ക് നേരെ ജീപ്പ് ഇടിച്ചു കയറ്റാൻ സഞ്ചാരികൾ ശ്രമിച്ചതോടെ നാട്ടുകാർ ഇടപെട്ട് തടയുകയായിരുന്നു.
മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിലാണ് പടയപ്പ ഇറങ്ങിയത്. ജനവാസ മേഖലയായ ഇവിടെ മുൻപും പടയപ്പ എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇവിടെ നടന്ന ഒരു ആഘോഷിച്ചടങ്ങിനായി സ്വാഗത കവാടത്തിന് സമീപം കുലവാഴകൾ കെട്ടിവെച്ചിരുന്നു. ഇത് ഭക്ഷിക്കുവാൻ ആയാണ് ആന ഈ പ്രദേശത്തേക്ക് എത്തിയത്.
ആന വാഴ ഭക്ഷിച്ചു കൊണ്ട് നിൽക്കുന്ന സമയത്ത് ഒരു ജീപ്പ് ആനയ്ക്ക് നേരെ വലിയ പ്രകോപനം സൃഷ്ടിച്ചത് സംഘർഷാവസ്ഥ ഉണ്ടാക്കി. ഹെഡ്ലൈറ്റ് ഓൺ ചെയ്ത വാഹനം ആനയ്ക്ക് നേരെ ഇടിച്ചു കയറ്റാനായി പലപ്പോഴും മുന്നോട്ട് ആഞ്ഞുവന്നത് ആനയെ പ്രകോപിപ്പിച്ചു. പുറത്തുനിന്നും വന്ന ചില സഞ്ചാരികളാണ് ആനയ്ക്ക് നേരെ പ്രകോപനം ഉണ്ടാക്കിയത്.
ആന പ്രകോപിതനായതോടെ എസ്റ്റേറ്റിലെ തൊഴിലാളികളും നാട്ടുകാരും അടുത്തുവന്ന് ജീപ്പിൽ ഉണ്ടായിരുന്നവരോട് പ്രകോപനം സൃഷ്ടിക്കരുത് എന്ന് ആവശ്യപ്പെട്ടു. പടയപ്പ ഇവിടെ ഇടയ്ക്ക് വരാറുള്ളതാണെന്നും കുഴപ്പമുണ്ടാക്കില്ലെന്നും നാട്ടുകാർ പറഞ്ഞെങ്കിലും ജീപ്പിൽ ഉള്ളവർ പ്രകോപനം തുടർന്നത് സംഘർഷാവസ്ഥ ഉണ്ടാക്കുകയായിരുന്നു.
Discussion about this post