തിരുവനന്തപുരം:സപ്ലൈകോയില്‍ നിലവില്‍ ലഭിക്കുന്ന 13 ഇനം സബ്സിഡി സാധനങ്ങളുടെ വില ഉടന്‍ വര്‍ദ്ധിപ്പിക്കും. നവകേരള സദസ് കഴിയും വരെ വില വര്‍ദ്ധനവിന്റെ കാര്യം നീട്ടി വെയ്ക്കുകയായിരുന്നു സര്‍ക്കാര്‍. എന്നാല്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ വില വര്‍ദ്ധനവ് പരിഗണിച്ചേക്കുമെന്നാണ് സൂചന .
നിലവില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ സബ്സിഡി പരിധിയില്‍ കൊണ്ടു വരുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കൂടാതെ സബ്‌സിഡി ഇനങ്ങളായ ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്ക് വില കൂടും. ഇത് പൊതു വിപണിയില് വില കൂട്ടാനും കാരണമാവും.സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതിന് ഇടതുമുന്നണി നേരത്തെ അംഗീകാരം നല്‍കിയത്.
സബ്സിഡി സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാതെ പറ്റില്ലെന്നാണ് സപ്ലൈകോ നിലപാട്. മന്ത്രി ജി.ആര്‍.അനില്‍ സപ്ലൈകോ എംഡിയും മാനേജര്‍മാരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് വില വര്‍ധനയുടെ കാര്യം തീരുമാനിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. കടം കയറി കുടിശിക പെരുകി കരാറുകാര്‍ പിന്‍മാറിയതോടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായ സപ്ലൈകോയെ കരകയറ്റാന്‍ വിലവര്‍ദ്ധനവ് അല്ലാതെ മറ്റൊരു വഴിയും ഇല്ലന്നാണ് മൂന്നംഗ സമിതിയുടേയും വിലയിരുത്തല്‍.കൂടാതെ അതത് സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിനാവശ്യമായ തുക അവിടെ നിന്ന് തന്നെ സമാഹരിക്കാനും നിര്‍ദ്ദേശമുണ്ട്.
Discussion about this post