ശ്രീനഗര്‍: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ജമ്മു കശ്മീരിലെ രജൗരി-പൂഞ്ച് സെക്ടർ സന്ദർശിച്ച് പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങള്‍ അവലോകനം ചെയ്യും. കഴിഞ്ഞയാഴ്ച മേഖലയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് സന്ദർശനം. കഴിഞ്ഞ ദിവസം കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ പൂഞ്ച് സന്ദർശിച്ച് സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
രാവിലെ 11ന് ജമ്മുവിലെത്തിയ അദ്ദേഹം അവിടെ നിന്ന് ഹെലികോപ്റ്റർ വഴി രജൗരി-പൂഞ്ച് മേഖലയിലേക്ക് തിരിക്കും. നിലവിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് പ്രാദേശിക ആർമി കമാൻഡർമാർ രാജ്‌നാഥ് സിംഗിനെ അറിയിക്കും. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം സന്ദര്‍ശിക്കും. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് രാജ്‌നാഥ് സിംഗ് സർക്കാർ ജോലിക്കായുള്ള നിയമന കത്ത് നല്‍കും.
വടക്കൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി, വൈറ്റ് നൈറ്റ് കോർപ്‌സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ, റോമിയോ ഫോഴ്‌സിന്റെ ജിഒസി എന്നിവരുൾപ്പെടെ ഉന്നത സൈനിക ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഉന്നതതല യോഗം നൈറ്റ് കോര്‍പ്പ്സ് ആസ്ഥാനത്തും രാജ്ഭവനിലും നടക്കും. സന്ദർശന വേളയിൽ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Discussion about this post