കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബംഗ്ലാദേശികളായ മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ. അതിർത്തി ലംഘിച്ചതിനെ തുടർന്നാണ് ആറ് മത്സ്യത്തൊഴിലാളികളെ ബംഗാൾ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇവരുടെ മത്സ്യബന്ധന ബോട്ടും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ബാക്കെർഹട്ട് ജില്ലയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ അതിക്രമിച്ച് സുന്ദർബൻ വനമേഖലയിലെ ബഗ്മാരയിൽ എത്തുകയായിരുന്നു. എന്നാൽ ഇത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതേ തുടർന്ന് ഇവരെ വളഞ്ഞ് പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മത്സ്യത്തൊഴിലാളികൾ ആണെന്നും വഴി തെറ്റിയതാണെന്നും ഇവർ മൊഴി നൽകി. എന്നാൽ വേട്ട കൂടി ലക്ഷ്യമിട്ടാണെന്ന സംശയത്തെ തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ ബോട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും വൻ ആയുധ ശേഖരവും കണ്ടെടുത്തിട്ടുണ്ട്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആറ് മത്സ്യത്തൊഴിലാളികളെയും കോടതിയിൽ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ വനംവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post