വയനാട്:ഞെട്ടിത്തോട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റുകള്‍. പോസ്റ്റര്‍ ഒട്ടിച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മാവോയിസ്റ്റ് സംഘത്തിലെ അംഗമായ കവിത (ലക്ഷ്മി) ആണ് കൊല്ലപ്പെട്ടത്. ഇതിനെതിരെ പകരം വീട്ടുമെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.കവിത (ലക്ഷ്മി) 2021 ല്‍ കീഴടങ്ങിയ ലിജേഷ് എലിയാസ് രാമു എന്ന മാവോയിസ്റ്റിന്റെ ഭാര്യയാണ്.
പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.കോളനിയിലെത്തിയ ആറംഗ സംഘമാണ് ഇന്നലെ രാത്രി പോസ്റ്റര്‍ പതിച്ചത്. അഞ്ച് പോസറ്ററുകളും വിശാലമായ കുറിപ്പും മാവോയിസ്റ്റുകള്‍ കോളനിയില്‍ പതിച്ചിട്ടുണ്ട്. നവംബര്‍ 13ന് രാവിലെ പത്തുമണിയോടെയായിരുന്നു ആറളത്തെ അയ്യന് കുന്നില്‍ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലില്‍ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ഒരു സ്ത്രീയുടെ കൈയിലെ എല്ലിന് കഷണം ലഭിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ ആള്‍ക്ക് ചികിത്സ കൊടുക്കാത്തത് കെണ്ടായിരിക്കാം കൊല്ലപ്പെട്ടത് എന്ന് പോലീസ് അറിയിച്ചു. മൃതദേഹം മാവോയിസ്റ്റുകള്‍ വനത്തിനുള്ളില്‍ സംസ്കരിച്ചിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്.
Discussion about this post