ആലപ്പുഴ : ചെങ്ങന്നൂരിൽ ഉത്സവ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ചരിഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള വെട്ടിക്കാട് ചന്ദ്രശേഖരൻ എന്ന ആനയാണ് ചരിഞ്ഞത്. ഉത്സവ എഴുന്നള്ളിപ്പിനായി ചെങ്ങന്നൂരിൽ കൊണ്ടുവന്ന ആന കുഴഞ്ഞുവീണ് അവശനിലയിൽ ആയിരുന്നു.
ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനായാണ് ആനയെ എത്തിച്ചിരുന്നത്. കുഴഞ്ഞുവീണുപോയ
ആനയെ എഴുന്നേൽപ്പിക്കാൻ പാപ്പാന്മാർ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്നലെ രാത്രി മാവേലിക്കരയിൽ നിന്നുമായിരുന്നു ആനയെ ചെങ്ങന്നൂരിലേക്ക് കൊണ്ടുവന്നിരുന്നത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ആന കുഴഞ്ഞു വീഴുകയായിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഈ ആനയ്ക്ക് നേരത്തെ തന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ആ അവസ്ഥ അവഗണിച്ചുകൊണ്ടും ആനയെ നിരന്തരമായി എഴുന്നള്ളിപ്പുകൾക്ക് കൊണ്ടുപോയിരുന്നതായും നാട്ടുകാർ ആരോപണമുന്നയിച്ചിരുന്നു. എന്നാൽ
പ്രായാധിക്യം മൂലമുള്ള അവശതയാണ് ആനയ്ക്ക് എന്നായിരുന്നു ദേവസ്വം ബോര്‍ഡ് അധികൃതര്‍ അഭിപ്രായപ്പെട്ടിരുന്നത്.
Discussion about this post