ബംഗളൂരു:കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെത്തി. ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം.വീട്ടില്‍ ജഗനാഥ റെഡ്ഡിയും കുടുംബവും ആണ് താമസിച്ചിരുന്നതെന്നും അസ്ഥികൂടങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ പഴക്കമുണ്ട് എന്നും പോലീസ് പറഞ്ഞു.
മരണപ്പെട്ട അഞ്ചുപേരെയും അവസാനമായി കണ്ടത് 2019 ജൂലൈയിലാണ്. അതിനു ശേഷം അവരുടെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു.കുടുംബം തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത് എന്നും , ഇവര്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളാല്‍ വലയുകയായിരുന്നുവെന്നും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ പോലീസിനോട് വ്യക്തമാക്കി.
പ്രഭാതസവാരിക്കിടെ വീട്ടിലെ വാതില്‍ തകര്‍ന്നതായി പലരും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇത് സ്വാഭാവിമാണെന്നു കരുതി അവര്‍ പോലീസില്‍ അറിയിച്ചിരുന്നില്ല. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ ഒന്നിലധികം തവണ ആരോ അതിക്രമിച്ചുകയറിയതായും മോഷണം നടന്നതായും കണ്ടെത്തി.ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ജഗനാഥ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കുറിപ്പില്‍ അക്ഷരങ്ങള്‍ മാഞ്ഞ നിലയിലാണ്. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഒരു മുറിയില്‍ നിന്ന് നാല് അസ്ഥികൂടങ്ങള്‍ കണ്ടെത്തുകയായിരുന്നു. രണ്ടു അസ്ഥികൂടങ്ങള്‍ കട്ടിലില്‍ കിടക്കുന്ന രീതിയിലും രണ്ടെണ്ണം തറയില്‍ കിടക്കുന്ന രീതിയിലുമായിരുന്നു കണ്ടത്. മറ്റൊരു മുറിയില്‍ നിന്ന് മറ്റൊരു അസ്ഥികൂടവും കണ്ടെത്തി.
Discussion about this post