ന്യൂഡൽഹി : കഴിഞ്ഞവർഷം ഡിസംബർ 30നായിരുന്നു ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ച വാഹനാപകടം നടന്നത്. ഇപ്പോഴിതാ ഒരു വർഷം തികയുന്ന വേളയിൽ ഒരു സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ് ടീം. ഋഷഭ് പന്ത് തിരിച്ചുവരവിന് തയ്യാറാണെന്ന് ടീം വ്യക്തമാക്കി. 2024ലെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനു വേണ്ടി ഋഷഭ് പന്ത് മൈതാനത്തിറങ്ങും.
സമൂഹമാദ്ധ്യമങ്ങളിൽ ഒരു വൈകാരിക പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഡൽഹി ക്യാപിറ്റൽസ് പന്തിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. അദ്ദേഹത്തെ ടീമിൽ നിലനിർത്തിയിരിക്കുന്നതായും അടുത്ത ഐപിഎല്ലിനായി ഡൽഹി ക്യാപിറ്റൽസ് ടീമിനെ ഋഷഭ് പന്ത് നയിക്കും എന്നും ടീം വ്യക്തമാക്കി.
“ആ നിർഭാഗ്യകരമായ രാത്രി കഴിഞ്ഞ് 365 ദിവസങ്ങൾ കടന്നുപോയി. അതിനുശേഷം, വീണ്ടും ഗെയിമിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നു. വിശ്വാസവും കഠിനാധ്വാനവും ഒരിക്കലും തളരാത്ത മനോഭാവവുമാണ് അവന്റെ സിരകളിലൂടെ ഓടുന്നത് . ധീരനായ ഋഷഭ് പന്ത് 2.0 ഉടൻ പ്രവർത്തനക്ഷമമാകും ” ഡൽഹി ക്യാപിറ്റൽസ് സമൂഹമാദ്ധ്യമ പോസ്റ്റിൽ കുറിച്ചത്. ഡേവിഡ് വാർണർ, അക്സർ പട്ടേൽ, റിക്കി പോണ്ടിംഗ്, സൗരവ് ഗാംഗുലി എന്നിവർ ഡൽഹി ക്യാപിറ്റൽസ് പങ്കിട്ട പോസ്റ്റിനടിയിലായി പന്തിന്റെ തിരിച്ചു വരവിൽ സന്തോഷം അറിയിച്ചു.
Discussion about this post