തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് മണി മുതൽ നാളെ പുലർച്ചെ ആറു മണി വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് സൂചനാ സമരവുമായി സ്വകാര്യ പെട്രോൾ പമ്പുടമകൾ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോൾ പമ്പുകൾക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഞായർ മുതൽ തിങ്കൾ വരെ പെട്രോൾ പമ്പുകൾ അടച്ചിടുന്നത്. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കിൽ മാർച്ച് പത്ത് മുതൽ രാത്രി പത്ത് മണി വരെയെ പമ്പുകൾ പ്രവർത്തിക്കൂയെന്നും അസോസിയേഷൻ വ്യക്തമാക്കി.
പുതുവത്സര തലേന്ന് രാത്രി മുതൽ പുതുവത്സര ദിനത്തിൽ പുലർച്ചെ വരെ പെട്രോൾ പമ്പുകൾ അടച്ചിടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെങ്കിലും ഗുണ്ടാ ആക്രമണത്തിനെതിരെ കർശന നടപടി വേണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.
ഗുണ്ടാ ആക്രമണം തടയാൻ ആശുപത്രി സംരക്ഷണ നിയമം പോലെ നിയമനിർമാണം വേണമെന്നാണ് അസോസിയേഷൻറെ ആവശ്യം. അതേസമയം സമരത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസിയുടെ യാത്രാ ഫ്യൂവൽസ് 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട്, വികാസ്ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശ്ശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് കെഎസ്ആർടിസിയുടെ യാത്രാ ഫ്യൂവൽസുള്ളത്. 14 യാത്രാ ഫ്യൂവൽസ് ഔട്ട്ലെറ്റുകളും എന്നത്തേയും പോലെ 24 മണിക്കൂറും പ്രവർത്തിക്കുമെന്നാണ് കെഎസ്ആർടിസി അറിയിച്ചത്.
Discussion about this post