കണ്ണൂർ : കോഴിക്കോട് ഗവർണറെ തടയാൻ കഴിയാതിരുന്നതിനു പകരമായി കണ്ണൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ രൂപത്തിൽ തയ്യാറാക്കിയ പാപ്പാഞ്ഞിയെ കത്തിച്ച് എസ്എഫ്ഐ പ്രതിഷേധം. കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ആയിരുന്നു എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ രൂപത്തിലുള്ള പാപ്പാഞ്ഞിയെ കത്തിച്ചത്. 30 അടി ഉയരത്തിൽ ആയിരുന്നു ഈ പാപ്പാഞ്ഞിയെ പയ്യാമ്പലം ബീച്ചിൽ നിർമ്മിച്ചിരുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വച്ച് ഗവർണറെ തടയാൻ കഴിയാതിരുന്നത് എസ്എഫ്ഐക്ക് വലിയ മാനക്കേടായിരുന്നു ഉണ്ടാക്കിയിരുന്നത്. ഇതിന് പകരമായാണ് പുതുവത്സരത്തിന് മുൻപായി കണ്ണൂരിൽ വച്ച് ഗവർണറുടെ കോലം കത്തിക്കാൻ എസ്എഫ്ഐ തീരുമാനമെടുത്തത്.
അതേസമയം ഡൽഹിയിൽ വെച്ച് മാദ്ധ്യമങ്ങളെ കണ്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. എസ്എഫ്‌ഐക്കാർക്ക് മർദിക്കണമെങ്കിൽ തന്നെ മർദിക്കട്ടെയെന്ന് ഗവർണർ വെല്ലുവിളിച്ചു. എസ്എഫ്‌ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഭരിക്കുന്ന പാർട്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുകയാണ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് ഗവർണർ ഒരുക്കിയിരുന്ന ചായ സൽക്കാരത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർ പങ്കെടുത്തിരുന്നില്ല. കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ പുനഃപരിശോധന ഹർജി നൽകിയതിനെ കുറിച്ച് നിലവിൽ പ്രതികരിക്കുന്നില്ലെന്നും ഗവർണർ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
Discussion about this post