തേസ്പൂർ (അസം); രാമജൻമഭൂമി വോട്ട് നേടാനുളള രാഷ്ട്രീയ വിഷയമല്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അത് ഭാരതീയ സംസ്്കാരത്തിന്റെ ഭാഗമാണെന്നും മന്ത്രി പ്രതികരിച്ചു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപിക്ക് തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടിയാണെന്ന ആക്ഷേപങ്ങളോടായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം.
ജനുവരി 22 ന് അയോധ്യയിൽ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്കുളള ഒരുക്കങ്ങൾ പുരോഗമിക്കവേയാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന വിമർശനത്തിനുളള മറുപടി കൂടിയാണ് രാജ്‌നാഥ് സിങ്ങിന്റെ വാക്കുകൾ.
തേസ്പൂർ സർവ്വകലാശാലയുടെ 21 ാമത് കോൺവൊക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. ഇന്ത്യയെ കരുത്തുറ്റ സാമ്പത്തിക ശക്തിയാക്കി മാറ്റുവാൻ പ്രതിരോധ വ്യവസായ ഇക്കോസിസ്റ്റത്തിൽ ശക്തമായ അടിത്തറ പാകുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 2027 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. 2047 ഓടെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഭാരതം ഉയർത്തപ്പെടുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
പുതിയ ആശയങ്ങൾ സ്വീകരിക്കാൻ വിദ്യാർത്ഥികൾക്കുളള കഴിവിനെയും രാജ്‌നാഥ് സിങ് പ്രശംസിച്ചു. അദ്ധ്യാപകനായിരുന്ന തന്റെ അനുഭവ പരിചയം കൊണ്ടാണ് ഇത് പറയുന്നതെന്ന് രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു. താൻ മനസിലാക്കിയിടത്തോളം അദ്ധ്യാപകരെക്കാൾ ഇന്നൊവേറ്റീവ് ആണ് വിദ്യാർത്ഥികൾ. അവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പ്രത്യേകിച്ച് പുതിയ ആശയങ്ങൾ അദ്ദേഹം കൂട്ടിച്ചേർത്തു.











