ന്യൂഡൽഹി: കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗുണ്ടാനേതാവ് ഗോൾഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് (യുഎപിഎ) പ്രകാരമാണ് ഗോൾഡി ബ്രാർ എന്ന സത് വിന്ദർജിതിനെ കേന്ദ്രആഭ്യന്തരമന്ത്രാലായം ഭീകരനായി പ്രഖ്യാപിച്ചത്. പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇയാൾ ഏറ്റെടുത്തിരുന്നു. ലോറൻസ് ബിഷ്ണോയിയുടെ അടുത്ത അനുയായിയാണ് ഇയാൾ. കാനഡയിലിരുന്നാണ് മൂസെവാലയുടെ കൊലപാതകമടക്കം ഇയാൾ ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്.
30 കാരനായ ഇയാൾ ബി.എ. ബിരുദധാരിയാണ്. കൊലപാതകവും വധശ്രമവും അടക്കം 16-ഓളം കേസുകളാണ് ഇയാൾക്കെതിരേ പഞ്ചാബിൽ മാത്രമുള്ളത്. നാലുകേസുകളിൽ ഗോൾഡി ബ്രാറിനെ കോടതി വെറുതെവിടുകയും ചെയ്തു. എ-പ്ലസ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കുപ്രസിദ്ധ കുറ്റവാളിയാണ് ഗോൾഡി ബ്രാർ. 12 ഓളം കൂട്ടാളികളോടൊപ്പം ചേർന്നാണ് ഇയാളുടെ പ്രവർത്തനങ്ങൾ അധികവും. 2018ൽ സൽമാൻ ഖാന്റെ വസതിയിലെത്തിയ സാംബത് നെഹ്റയും ഇയാളുടെ കൂട്ടാളിയാണ്.
ലോറൻസ് ബിഷ്ണോയി കേസിൽ കുടുങ്ങി ജയിലിലായതോടെയാണ് ഗോൾഡി ബ്രാർ കാനഡയിലേക്ക് രക്ഷപ്പെട്ടത്. തുടർന്ന് കാനഡയിലിരുന്ന് തന്റെ ഗുണ്ടാസംഘങ്ങളെ ഇയാൾ നിയന്ത്രിച്ചുവരികയാണ്. ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കുകയാണ് തന്റെ ജീവിതലക്ഷ്യമെന്ന് ഗോൾഡി ബ്രാർ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Discussion about this post