ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ ആദ്യ എയർ ബസിനെ സംബന്ധിച്ചുള്ള നിർണായക പ്രഖ്യാപനവുമായി എയർ ഇന്ത്യ. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 ജനുവരി 22ന് സർവീസ് ആരംഭിക്കും. സർവീസിനായുള്ള ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു, മുംബൈ, ചെന്നെ, ഡൽഹി, ഹൈദരാബാദ് എന്നീ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാകും എ350 ആദ്യ സർവീസ് നടത്തുക.
എ350 സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് പുതിയ വ്യോമയാന അനുഭവങ്ങളും സേവനങ്ങളും ആസ്വദിക്കാനാകും. എയർ ഇന്ത്യയുടെ പുതിയ പരിവർത്തനമാകും യാത്രക്കാർക്ക് ഇതോടെ കാണാനാകുക.
ബെംഗളൂരു- മുംബൈ- ചെന്നൈ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഫ്‌ളൈറ്റ് നമ്പർ AI589 ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്കും സർവീസ് നടത്തുന്ന ഫ്‌ളൈറ്റ് നമ്പർ AI868, AI869 എന്നീ എയർ ബസുകൾ ചൊവ്വാഴ്ചകളിൽ സർവീസ് നടത്തും.
ഡിസംബർ 23നാണ് എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ ബസ് എ350-900 വൈഡ് ബോഡി വിമാനം ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഇറങ്ങിയത്. ഇതോടെ രാജ്യത്ത് എ350 വിമാനം അവതരിപ്പിക്കുന്ന ആദ്യ എയര്‍ലൈനായിരിക്കുകയാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ.
യൂറോപ്യന്‍ കമ്പനിയായ എയര്‍ബസിന് 250 വിമാനങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ ഓർഡർ നല്‍കിയത്. ഓര്‍ഡര്‍ ചെയ്ത 250 എണ്ണത്തില്‍ 20 എണ്ണം എ350-900 വൈഡ് ബോഡി വിമാനങ്ങളാണ്. ഇതിന് പുറമെ 20 എ350-1000 വിമാനങ്ങളും 210 എ320 നിയോ നാരോബോഡി വിമാനങ്ങളും എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തിരുന്നു.
Discussion about this post