തിരുവനന്തപുരം: ബിഷപ്പിനെ അവഹേളിച്ചുകൊണ്ടുള്ള സജി ചെറിയാന്റെ പരാമർശത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമൂഹത്തിൽ മാന്യമായി ജീവിക്കുന്നവരെ അവഹേളിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടു കൂടി സജി ചെറിയാനെ വിട്ടിരിക്കുന്നത്. പ്രമാണിമാരുടെ വീട്ടിലേക്ക് കള്ളു കൊടുത്ത് ചീത്ത വിളിക്കാൻ ആളെ വിടുന്നതു പോലെയാണിതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
നവകേരള സദസിനിടെ എന്റെ മണ്ഡലത്തിൽ വന്ന് പ്രതിപക്ഷത്തെക്കുറിച്ചും എന്നെക്കുറിച്ചും വളരെ മോശമായ രീതിയിലാണ് സജി ചെറിയാൻ സംസാരിച്ചത്. ഒരു
തവണ അബദ്ധം വിളിച്ചു പറഞ്ഞ് മന്ത്രിസ്ഥാനം തെറിച്ചതാണ്. നവകേരള സദസിൽ പങ്കെടുത്ത ആരെയെങ്കിലും പ്രതിപക്ഷം മോശമായി പറഞ്ഞോയെന്നും വിഡി സതീശൻ ചോദിച്ചു.
ക്രൈസ്തവ നേതാക്കൾക്കെതിരെ അപകീർത്തികരമായ പ്രസ്താവനയാണ് സജി ചെറിയാൻ നടത്തിയത്. പ്രധാനമന്ത്രി വിളിച്ച സദസിൽ ക്രൈസ്തവ നേതാക്കൾ പോയത് തെറ്റല്ല. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമെല്ലാം അധികാര സ്ഥാനത്ത് ഇരിക്കുന്നവരാണ്. അവർ വിളിച്ചാൽ പോകേണ്ടി വരും. ഇങ്ങനെ പോകുന്നവരെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ശരിയായ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ പരിപാടിയിൽ പോയതിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് മാന്യമായി പ്രകടിപ്പിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Discussion about this post