ബ്യുണസ് അയേഴ്‌സ്: നടക്കുമെന്ന് കരുതപ്പെട്ടിരുന്ന ബ്രിക്‌സ് അംഗരാജ്യങ്ങളുടെ വികസനത്തിൽ നിന്നും ഔദ്യോഗികമായി പിന്മാറി അർജന്റീന. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ തുടർച്ചയായാണ് അർജന്റീനയുടെ തീവ്ര വലതുപക്ഷ പ്രസിഡന്റായ ഹാവിയർ മിലി ബ്രിക്സ് സഖ്യത്തിൽ അർജന്റീനയെ എടുക്കേണ്ടതില്ല എന്ന കത്ത് അംഗരാജ്യങ്ങൾക്ക് കൈമാറിയത്.
പ്രസിഡന്റ് മിലേയുടെ പരസ്യ പ്രഖ്യാപനങ്ങൾ ചൈനയോടും അതിന്റെ രാഷ്ട്രീയ ചട്ടക്കൂടിനോടുമുള്ള അദ്ദേഹത്തിന്റെ കടുത്ത വിയോജിപ്പിന്റെ പ്രതിഫലനമാണ്. ബ്രിക്‌സിൽ നിന്ന് വേർപെടുത്താനുള്ള അർജന്റീനയുടെ തീരുമാനത്തിലെ സുപ്രധാന ഘടകമായി ചൈനയുടെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ അദ്ദേഹം എടുത്തു കാട്ടുകയുണ്ടായി.
തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ചൈനാ വിരുദ്ധ പ്രസ്താവനകളാണ് അദ്ദേഹം നടത്തി കൊണ്ടിരുന്നത്. ചൈനയുമായുള്ള എല്ലാ ഉടമ്പടികളും ഉടനടി റദ്ദ് ചെയ്യുമെന്ന് മിലേയ് പറഞ്ഞിരുന്നുവെങ്കിലും ഉടനടി ഉള്ള നയം മാറ്റം പ്രായോഗികമായി സാധ്യമല്ല എന്നതാണ് വസ്തുത.
അതെ സമയം കഴിഞ്ഞ ബ്രിക്‌സ് സമ്മേളനത്തിൽ പ്രസിഡന്റ് ഷി ജിൻ പിംഗ് തന്നെ നേരിട്ട് അർജന്റീനിയൻ പ്രസിഡന്റിനെ ബ്രിക്സിൽ ചേരാൻ ക്ഷണിച്ചിരുന്നു.
കഴിഞ്ഞ വർഷം, ചൈനയിലെ അർജന്റീനയുടെ അംബാസഡർ, അർജന്റീനയെ ഗ്രൂപ്പിൽ ചേരാൻ ഷി വ്യക്തിപരമായി ക്ഷണം നൽകിയതായി വെളിപ്പെടുത്തിയിരുന്നു. 2024 ജനുവരി 1-ന് ഇറാൻ, ഈജിപ്ത്, എത്യോപ്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയ്‌ക്കൊപ്പം അർജന്റീനയുടെ അംഗത്വവും പ്രാബല്യത്തിൽ വരുമെന്ന് ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ നിന്നാണ് ഇപ്പോൾ അർജന്റീന പിന്മാറിയിട്ടുള്ളത്
വളരെയധികം അമേരിക്കൻ ബന്ധമുള്ള രാജ്യമാണ് അർജന്റീന. അർജന്റീനയിലെ പരമ്പരാഗത പാർട്ടികളെയൊക്കെ തോൽപ്പിച്ചു കൊണ്ടാണ് ഹാവിയർ മിലിയുടെ വരവ്. ഒരു കടുത്ത ക്യാപിറ്റലിസ്റ്റായ അദ്ദേഹം തന്റെ മുൻഗാമികളുടെ തെറ്റായ സാമ്പത്തിക നയങ്ങളെ തിരുത്തി രാജ്യത്തെ പാശ്ചാത്യ ചേരിയിലേക്ക് അടുപ്പിക്കും എന്ന പ്രചാരണമാണ് നടത്തിയത്.
Discussion about this post