റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ കൈക്കുഞ്ഞിന് ദാരുണാന്ത്യം. ബിജാപൂർ ജില്ലയിലാണ് സംഭവം. കമ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്കും രണ്ട് ജവാന്മാർക്കും പരിക്കേറ്റു.
തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. മുട്ടുവണ്ടി ഗ്രാമത്തിൽ കമ്യൂണിസ്റ്റ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയിരുന്നു. ഇതിനിടെയായിരുന്നു കുഞ്ഞിന് ജീവൻ നഷ്ടമായത്. ആറ് മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത് എന്ന് സുരക്ഷാ സേന അറിയിച്ചു.
ഗ്രാമത്തിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് വൈകീട്ട് അഞ്ച് മണിയോടെ സുരക്ഷാ സേന ഗ്രാമത്തിൽ എത്തുകയായിരുന്നു. ഇതറിഞ്ഞ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്തി. ഇതിന് പിന്നാലെ ഏറ്റുമുട്ടലും ആരംഭിച്ചു. ഇതിനിടെ ഭീകരർ യുവതിയെ ലക്ഷ്യമിട്ട് വെടിയുതിർത്തു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സിആർപിഎഫ് ജവാന്മാർക്കും പരിക്കേൽക്കുകയായിരുന്നു.
പരിക്കേറ്റ യുവതിയും സുരക്ഷാ സേനാംഗങ്ങളും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഭീകരർക്കായി പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്.
Discussion about this post