ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ ടാറ്റ മോട്ടോഴ്‌സിന്റെ 100 ഇലക്ട്രിക് സ്റ്റാർ ബസുകൾ കൂടി പൊതുഗതഗാതത്തിനായി നിരത്തിലിറങ്ങി. മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് പദ്ധതികളുടെ ഭാഗമായി വരും തലമുറ ആർക്കിടെക്ചറിൽ വികസിപ്പിച്ചെടുത്തതാണ് സീറോ-എമിഷൻ ഇലക്ട്രിക് ബസുകൾ. സാങ്കേതികമായി നൂതനമായ വാഹനമാണ് ഇലക്ട്രിക് സ്റ്റാർ ബസുകൾ.
ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ (ബിഎംടിസി) നിന്ന് 921 ഇലക്ട്രിക് ബസുകളുടെ ഓർഡർ ടാറ്റ മോട്ടോഴ്സിന്റെ അനുബന്ധ സ്ഥാപനമായ ടിഎംഎൽ സ്മാർട്ട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസ് ലിമിറ്റഡ് നേരത്തെ നേടിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് 100 ബസുകൾ കൈമാറിയത്.
നഗരത്തിനുള്ളിൽ ടാറ്റ ഇലക്ട്രിക് ബസുകളുടെ പ്രോട്ടോടൈപ്പ് പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് അത്യാധുനിക ബസുകൾ നിരത്തിലവതരിപ്പിച്ചത്. ബസുകൾ പരിസ്ഥിതി സൗഹൃദ ഗതാഗതം മാത്രമല്ല, നഗരത്തിൽ ശബ്ദരഹിതവും സുഖപ്രദവുമായ ബഹുജന മൊബിലിറ്റി കൂടിയാണ് വാഗ്ദാനം ചെയ്യുന്നത്.
സുസ്ഥിരവും സുഖപ്രദവുമായ യാത്രയ്ക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന മികച്ച ഡിസൈനും മികച്ച ഇൻ-ക്ലാസ് സവിശേഷതകളും തദ്ദേശീയമായി വികസിപ്പിച്ച ടാറ്റ സ്റ്റാർബസുകളുടെ പ്രത്യേകതകളെന്ന് കമ്പനി പറഞ്ഞു. നൂതന ബാറ്ററി സംവിധാനങ്ങളിലാണ് ബസ് പ്രവർത്തിക്കുന്നത്. ബെംഗളൂരു നഗരത്തിലുടനീളം സുരക്ഷിതവും സൗകര്യപ്രദവുമായ അന്തർ-സിറ്റി യാത്രയ്ക്ക് ബസുകൾ ഏറെ പ്രയോജനം ചെയ്യുമെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഗതാഗത വകുപ്പ് മന്ത്രി രാമലിംഗറെഡ്ഡിയും ചേർന്നാണ് വാഹനങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തത്. ബിഎംടിസി ചെയർമാൻ, ശിവാജിനഗർ നിയമസഭാ മണ്ഡലത്തിലെ എംഎൽഎ റിസ്വാൻ അർഷാദ്, ബിഎംടിസി ഡയറക്ടർ കല കൃഷ്ണസ്വാമി ഐപിഎസ്, ബിഎംടിസി മാനേജിംഗ് ഡയറക്ടർ ജി സത്യാവതി ഐഎഎസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയിലെ നഗരങ്ങളിൽ ഇതുവരെ ടാറ്റ മോട്ടോഴ്സ് 1,500-ലധികം ഇലക്ട്രിക് ബസുകൾ വിതരണം ചെയ്തതായി കമ്പനി അറിയിച്ചു. അവ 95 ശതമാനത്തിലധികം പ്രവർത്തനസമയത്തോടെ 10 കോടി കിലോമീറ്ററിലധികം സഞ്ചരിച്ചു. ഫുൾ-ഇലക്ട്രിക് ഡ്രൈവ് ട്രെയിൻ ഉപയോഗിച്ച് ഊർജ്ജ ഉപഭോഗം തിരിച്ചറിയാനുളള സംവിധാനം ഉൾപ്പെടെ ടാറ്റ സ്റ്റാർബസ് ഇവി ബസിലുണ്ട്. ഇത് കുറഞ്ഞ ഊർജ്ജ ഉപയോഗത്തിനും പ്രവർത്തന ചെലവിനും സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി.
Discussion about this post