ടെഹ്‌റാൻ: ചെങ്കടലിലേക്ക് യുദ്ധകപ്പൽ അയച്ച് ഇറാൻ. ഇസ്രായേലിലേക്ക് പോകുന്ന ചരക്കു കപ്പലുകൾ ആക്രമിച്ച ഹൂതികൾക്കെതിരെ അമേരിക്കൻ സൈന്യം പ്രത്യാക്രമണം നടത്തിയിരുന്നു. ഇതിൽ പത്തോളം ഹൂതികൾ അമേരിക്കൻ പട്ടാളത്തിന്റെ കയ്യാൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികരണമായാണ് ചെങ്കടലിലെ തന്ത്ര പ്രധാനമായ ബാബ് എൽ-മണ്ടേബ് കടലിടുക്കിലേക്ക് തങ്ങളുടെ അൽബോർസ് എന്ന യുദ്ധകപ്പൽ ഇറാൻ അയച്ചിരിക്കുന്നത്.
ഹമാസിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഇസ്രയേലുമായി ബന്ധമുള്ള വ്യാപാര കപ്പലുകളെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കുമെന്ന് ഹൂതികൾ പ്രതിജ്ഞയെടുത്ത സാഹചര്യത്തിലാണ് ഇറാൻ യുദ്ധക്കപ്പൽ ഇപ്പോൾ ചെങ്കടലിൽ എത്തിയിരിക്കുന്നത്. ചരക്കു കപ്പലുകളെ ഹൂതികൾ ആക്രമിച്ചതിനെ തുടർന്ന് ലോക വ്യാപാരത്തിന്റെ ഗതിവിഗതികൾ തന്നെ താറുമാറാകുന്ന അവസ്ഥയിലാണ് അമേരിക്ക തങ്ങളുടെ സൈന്യത്തെ ഇറക്കിയതും ഹൂതികളുടെ ആക്രമണം തടഞ്ഞ് 10 തീവ്രവാദികളെ വധിച്ചതും. എന്നാൽ അതിനെ തുടർന്ന് ഇറാൻ യുദ്ധകപ്പൽ അയച്ച സാഹചര്യത്തിൽ നീക്കങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടാകാനുള്ള സാധ്യതയാണ് ഇപ്പോൾ തുറന്നിരിക്കുന്നത്
സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ മുൻനിര കമാൻഡർമാരിൽ ഒരാളായ സയ്യിദ് റാസി മൗസവിയെ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇറാനിയൻ യുദ്ധക്കപ്പൽ ചെങ്കടലിലേക്ക് നീങ്ങുന്നത്. പടിഞ്ഞാറൻ, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നുള്ള കൂടുതൽ കൂടുതൽ യുദ്ധക്കപ്പലുകൾ ചെങ്കടലിൽ കേന്ദ്രീകരിച്ചതോടെ ഒരു പ്രാദേശിക യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നു വരികയാണ്.
അമേരിക്കയും ഇറാനും തമ്മിൽ ഒരു യുദ്ധമുണ്ടായാൽ അത് ആനയും ആടും തമ്മിലുള്ള യുദ്ധമായിരിക്കുമെങ്കിലും കാര്യങ്ങൾ പക്ഷെ അത്ര എളുപ്പമല്ല. അമേരിക്ക കേന്ദ്രീകൃതമായ ലോക ക്രമത്തെ മാറ്റി പുതിയ ലോകക്രമം സൃഷ്ടിക്കുവാൻ വേണ്ടി ഇറാൻ – റഷ്യ – ചൈന അച്ചുതണ്ട് നിലവിൽ ശക്തിയാർജ്ജിച്ചു വരുകയാണ്. അമേരിക്ക ചെങ്കടലിൽ ഇറാനെ നേരിടുക എന്ന് പറഞ്ഞാൽ അതിന് ഇറാനെ മാത്രം നേരിടുക എന്നല്ല അർത്ഥമുള്ളത്. അതുകൊണ്ട് തന്നെ അത്രമേൽ സങ്കീർണ്ണമായ ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിൽ ഉരുത്തിരിഞ്ഞു വരുന്നത്.
മിഡിൽ ഈസ്റ്റിൽ ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഹോൺ ഓഫ് ആഫ്രിക്കയ്ക്കും അറേബ്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന 20 മൈൽ വീതിയുള്ള ബാബ് അൽ-മന്ദാബ് കടലിടുക്കിൽ സംഘർഷങ്ങൾ രൂക്ഷമാണ്. , ഇറാൻ പിന്തുണയുള്ള ലെബനനിലെ ഷിയാ മിലീഷ്യ ഹിസ്ബുള്ള ഇസ്രായേൽ ഹമാസ് യുദ്ധത്തിന് രണ്ടാം മുന്നണി തുറന്നതോടെ ലോകത്തെ ഏറ്റവും തിരക്കേറിയ ജല പാതയായ ബാബ് അൽ മന്ദാബ് അക്ഷരാർത്ഥത്തിൽ ഒരു തീച്ചൂളയായി മാറിക്കൊണ്ടിരിക്കുകയാണ്
Discussion about this post