തൃശ്ശൂർ: തേക്കിൻകാട് മൈതാനത്തെ മഹിളാ സമ്മേളനത്തെ മലയാളത്തിൽ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കേരളത്തിലെ എൻറെ അമ്മമാരെ, സഹോദരിമാരെ’ എന്ന് വിളിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ 41 മിനിറ്റ് നീണ്ടു നിന്ന ആവേശകരമായ പ്രസംഗം ആരംഭിച്ചത്. നിരവധി ഉന്നതരായ സ്ത്രീകൾക്ക് ജന്മം നൽകിയ നാടാണ് കേരളമെന്ന് പറഞ്ഞ നരേന്ദ്ര മോദി ഇത്രയുമേറെ സ്ത്രീകൾ തന്നെ അനുഗ്രഹിക്കാൻ വന്നതിൽ നന്ദിയുണ്ടെന്നും അറിയിച്ചു. മൊഴി മാറ്റത്തിനായി ഒരോ തവണ പ്രസംഗം നിർത്തുമ്പോഴും ‘എന്റെ അമ്മമാരെ സഹോദരിമാരെ’ എന്ന് ആവർത്തിച്ചുകൊണ്ടാണ് അദ്ദേഹം വീണ്ടും പ്രസംഗം ആരംഭിച്ചത്.
മന്നത്ത് പത്മനാഭൻറെ ജന്മ ജയന്തിക്ക് ശ്രദ്ധാജ്ഞലി അർപ്പിക്കുകയാണെന്ന് മോദി പറഞ്ഞു. ‘കാശിയുടെ പാർലമെന്റ് അംഗമാണ് ഞാൻ. തൃശൂരിൽ നിന്നുയരുന്നത് പുതിയ കേരള സന്ദേശമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. കാശി ഭഗവാൻ ശിവന്റെ മണ്ണാണ്. അവിടെ നിന്നും വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തിയത് അനുഗ്രഹമായി കാണുന്നു. കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാൻ, റോസമ്മ പുന്നൂസ് തുടങ്ങിയ സ്വാതന്ത്ര്യസമര പോരാളികളുടെ നാടാണ് കേരളം. കാർത്യായനി അമ്മ, ഭഗീരധിയമ്മ തുടങ്ങി നിരവധിപ്പേർക്ക് ജന്മം നൽകിയ നാടാണ് കേരളം’ – പ്രധാനമന്ത്രി പറഞ്ഞു.
ഇപ്പോൾ നാട്ടിൽ മുഴുവൻ ചർച്ച മോദിയുടെ ഉറപ്പിനെ കുറിച്ചാണ്. പക്ഷേ ഞാൻ വിശ്വസിക്കുന്നത്. ഈ നാടിനെ വികസിത രാഷ്ട്രമാക്കുന്നതിൽ ഏറ്റവും വലിയ ഉറപ്പ് സ്ത്രീകളുടെ ശക്തിയാണ്. കോൺഗ്രസ്-ഇടതുപക്ഷ കാലഘട്ടത്തിൽ സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമായിരുന്നില്ല. അവിടെ നിന്നാണ് മോദിയുടെ ഉറപ്പ് അവർക്ക് ലഭിക്കുന്നത്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹത്തോടെയാണ് ഈ ഉറപ്പുകൾ പാലിക്കാൻ തനിക്ക് സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവേശ്വജ്വലമായ സ്വീകരണമാണ് നരേന്ദ്ര മോദിക്ക് ശക്തന്റെ നഗരിയിൽ ഉണ്ടായത്. ഒന്നര കിലോമീറ്റർ റോഡ് ഷോ നടത്തിയാണ് തേക്കിൻകാട് മൈതാനത്ത നടക്കുന്ന മഹിളാ സമ്മേളനമായ ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടി വേദിയിലേക്ക് അദ്ദേഹം എത്തിയത്. മോദിക്കൊപ്പം സുരേഷ് ഗോപി, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ സി നിവേദിത എന്നിവരും റോഡ് ഷോയുടെ ഭാഗമായി വാഹനത്തിലുണ്ടായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത്. ഹെലികോപ്റ്റർ മാർഗം അദ്ദേഹം കുട്ടനെല്ലൂർ ഹെലിപാഡിലെത്തിയ അദ്ദേഹം ജില്ലാ ആശുപത്രി ജംഗ്ഷൻ വരെ റോഡ് മാർഗമാണ് എത്തിയത്.
Discussion about this post