കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി. മമത ബാനർജി പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിലാണെന്ന് അധിർ രഞ്ജൻ ചൗധരി ആക്ഷേപമുന്നയിച്ചു. സംസ്ഥാന അദ്ധ്യക്ഷന്റെ ഈ പരാമർശത്തോടെ ഇൻഡി സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള കലഹം പരസ്യമാവുകയാണ്.
സീറ്റ് വിഭജനത്തെ ചൊല്ലി ഇൻഡി സഖ്യത്തിൽ വലിയ ഭിന്നതയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഈ അവസരത്തിലാണ് ബംഗാളിൽ മമത-ചൗധരി പോര് മുറുകുന്നത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മമത ആഗ്രഹിക്കുന്നില്ലെന്നും പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും അധിർ രഞ്ജൻ ചൗധരി മാദ്ധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ നൽകാം എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിരുന്നത്. തങ്ങൾ ആരുടെയും ഭിക്ഷയല്ല ചോദിക്കുന്നതെന്നും മമതയുടെ കാരുണ്യം തങ്ങൾക്ക് ആവശ്യമില്ലെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ വ്യക്തമാക്കി. പശ്ചിമബംഗാളിലെ പ്രബലമായ പാർട്ടി തൃണമൂൽ കോൺഗ്രസ് ആണെന്നും സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനം തൃണമൂൽ എടുക്കും എന്നുമാണ് മമതാ ബാനർജി അടക്കമുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.
Discussion about this post