2023ൽ പുറത്തിറങ്ങിയ ഹിറ്റ് മേക്കിംഗ് ചിത്രങ്ങളിലൊന്നാണ് ‘2018- എവരി വൺ ഈസ് എ ഹീറോ’. 2018ലെ പ്രളയത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ 2018 മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിനു വേണ്ടി ഇന്ത്യയിൽ നിന്നും പരിഗണിച്ച ചിത്രം കൂടിയാണ്.
ഇപ്പോൾ ചിത്രത്തിലെ ഏറ്റവും ശ്രദ്ധയാകർഷിച്ച കടൽക്ഷോഭവും തിരമാലകളും എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജ്യൂഡ് ആന്റണി. ആ സീനിൽ രക്ഷയ്ക്കെത്തിയത് ‘മലയാളിയുടെ ബുദ്ധി’യാണെന്നാണ് ജ്യൂഡ് പറയുന്നത്. ഓസ്കറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് സംവിധായകൻ ഈ രഹസ്യം വെളിപ്പെടുത്തിയത്.
വെള്ളപ്പൊക്കവും, കടൽക്ഷോഭവും, എയർ ലിഫ്റ്റും ഉൾപ്പടെ ചിത്രത്തിലെ സുപ്രധാന രംഗങ്ങൾ ചിത്രീകരിച്ചത് ജൂഡ് വിഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്. കോട്ടയം വൈക്കത്തെ 12 ഏക്കർ വരുന്ന പുരയിടത്തിൽ ആണ് സിനിമയുടെ സെറ്റിട്ടത്. രണ്ടേക്കർ സ്ഥലത്ത് പണിത വലിയ ടാങ്കിലായിരുന്നു വെള്ളപ്പൊക്കം ചിത്രീകരിച്ചത്. വെള്ളം കയറി വരുന്നത് ചിത്രീകരിക്കാൻ ടാങ്കിലേക്ക് കൂടുതൽ വെള്ളം കയറ്റി വിടാതെ വീടുകളുടെ ഉയരം കുറച്ചുകൊണ്ടാണ് അതേ ഇഫക്ട് സാധ്യമാക്കിയത്.
കടൽക്ഷോഭവും തിരമാലകളും സൃഷ്ടിക്കാൻ പത്തും പതിനഞ്ചും ആളുകൾ ടാങ്കിലിറങ്ങി ബോട്ടിൽ പ്രത്യേകം ബന്ധിപ്പിച്ചു ചേർത്ത കമ്പികൾ കുലുക്കിയാണ് ആ ഇഫക്ട് വരുത്തിയതെന്നും ജ്യൂഡ് വെളിപ്പെടുത്തി. ആർട്ട് ഡയറക്ടറും സംവിധാന സഹായികളും ഉൾപ്പെടെ പത്തോ പതിനഞ്ചോ പേർ ചേർന്നാണ് ബോട്ട് കുലുക്കിയിരുന്നത്. കൂറ്റൻ തിരകളുണ്ടാക്കാൻ ജെസിബിയാണ് ഉപയോഗിച്ചത്. ആ സീക്വൻസിന്റെ സ്റ്റോറി ബോർഡ് പ്രിന്റൗട്ട് എടുത്ത് സെറ്റിൽ പ്രദർശിപ്പിച്ചിരുന്നു. ഓരോ ഷോട്ടും എടുത്തു തീരുന്നതിന് അനുസരിച്ച് ബോർഡിൽ നിന്ന് ഓരോ ഫോട്ടോയും എടുത്തു നീക്കി. കയ്യടികളോടെയാണ് ഓരോ ഷോട്ടും പൂർത്തിയാക്കിയിരുന്നതെന്ന് ജ്യൂഡ് ഓർത്തെടുത്തു.
Discussion about this post