ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അസഭ്യ പരാമർശവുമായി എംഎം മണി എംഎൽഎ. എൽഡിഎഫ് പൊതുയോഗത്തിലായിരുന്നു മണിയുടെ അസഭ്യ പദപ്രയോഗം. രാജ് ഭവൻ മാർച്ച് നടത്തുന്ന ദിവസം ഇടുക്കിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ എത്തുന്നതിനെതിരെയായിരുന്നു എംഎം മണിയുടെ അസഭ്യവർഷം.
അന്നേദിവസം തന്നെ ജില്ലയിലെത്തുന്ന ഗവർണറെ കുറ്റപ്പെടുത്തിയ എംഎം മണി, അന്നേ ദിവസം ജില്ല പ്രവർത്തിക്കാതിരുന്നാൽ പോരെയെന്നും ചോദിച്ചു. ഒമ്പതാം തീയതി ഇടതുപക്ഷത്തിന്റെ രാജ്ഭവൻ മാർച്ച് നിലനിൽക്കെ ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ല എന്നും മണി പറഞ്ഞു. ‘9-ാം പരിപാടിയിൽ പ്രസംഗിക്കാൻ ആരും കാണരുത്. നമുക്കിട്ട് പണിതുകൊണ്ടിരിക്കുകയാണ് ഗവർണർ. ഗവർണറെ പിടിച്ച് ഇവിടെ കൊണ്ടുവന്ന് പൊന്നുകൊണ്ട് പുളിശേരി വച്ച് ഊട്ടുകയാണ് വ്യാപാരികൾ’- എംഎം മണി പറഞ്ഞു.
നിയമസഭ ഏകകണ്‌ഠമായി പാസാക്കി ഗവർണർക്കു നൽകിയ 1960ലെ ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഈ ദിവസം തന്നെ നടക്കുന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിക്കാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്.
Discussion about this post