ഹൈദരാബാദ്: ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി വിട്ട് മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. ചേർന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് പാർട്ടി വിടുന്നതായുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം. വൈഎസ്ആർ കോൺഗ്രസ് വിടാനുള്ള കാരണം വ്യക്തമല്ല.
എട്ട് ദിവസമാണ് അദ്ദേഹം വൈഎസ്ആർ കോൺഗ്രസിന്റെ ഭാഗമായി നിന്നത്. വൈഎസ്ആർ കോൺഗ്രസിൽ നിന്നും രാജിവയ്ക്കുന്ന വിവരം അമ്പാട്ടി റായിഡു തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. വൈഎസ്ആർ കോൺഗ്രസ് പാർട്ടി വിട്ടതായി ഏവരെയും അറിയിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കുറച്ചുകാലം രാഷ്ട്രീയത്തിൽ നിന്നും വിട്ട് നിൽക്കുകയാണ്. ഭാവി പദ്ധതികൾ തീരുമാനിച്ച ശേഷം ഏവരെയും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡിസംബർ 28 നായിരുന്നു അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസിൽ ചേർന്നത്. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയായിരുന്നു അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു 38കാരനായ അമ്പാട്ടി റായിഡു ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് അദ്ദേഹം വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്.
Discussion about this post