ന്യൂഡൽഹി : 2024 ടി20 ലോകകപ്പിന് ജൂണിൽ തുടക്കമാകും. മത്സരങ്ങൾക്കായുള്ള ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു. ജൂൺ ഒന്നു മുതൽ 29 വരെ ആയിരിക്കും ടി20 ലോകകപ്പ് നടക്കുക. അമേരിക്കയും വെസ്റ്റ് ഇൻഡീസും ആണ് ഈ വർഷത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മുൻ ലോകകപ്പിനെ അപേക്ഷിച്ച് നാലു പുതിയ ടീമുകൾ കൂടി ഈ വർഷം ടി20 ലോകകപ്പിൽ പങ്കെടുക്കുന്നുണ്ട്.
2022ൽ നടന്ന ടി20 ലോകകപ്പിൽ 16 ടീമുകൾ ആയിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ 2024 ലോകകപ്പിൽ 20 ടീമുകൾ മത്സര രംഗത്ത് ഉണ്ടായിരിക്കും. ഈ ടീമുകളെ 5 ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകൾ ആക്കി തിരിച്ചാണ് മത്സരങ്ങൾ നടത്തുന്നത്. ഗ്രൂപ്പ് എ യിലാണ് ഇന്ത്യ ഉൾപ്പെടുന്നത്. പാകിസ്താൻ, അയർലൻഡ്, ആതിഥേയരായ യുഎസ്എ, കാനഡ എന്നിവരാണ് ഗ്രൂപ്പ് എ യിൽ ഇന്ത്യക്കൊപ്പം ഉള്ളത്.
ഇന്ത്യ ഉൾപ്പെടെ ഗ്രൂപ്പ് എ യിലുള്ള എല്ലാ ടീമുകളുടെയും മത്സരം അമേരിക്കയിൽ വച്ചായിരിക്കും നടക്കുക. ആദ്യ മൂന്ന് മത്സരങ്ങൾ ന്യൂയോർക്കിലും അവസാന മത്സരം ഫ്ലോറിഡയിലും നടക്കും. ജൂൺ 9ന് ന്യൂയോർക്ക് സിറ്റിയിലെ ഐസൻഹോവർ പാർക്കിലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നടക്കുക. ജൂൺ 5നാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയർലൻഡ് ആണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 8:30ന് ആയിരിക്കും മത്സരങ്ങൾ ആരംഭിക്കുന്നത്.
Discussion about this post