മുംബൈ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് 11 കോടി രൂപ സംഭാവന നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ക്ഷേത്രത്തിന്റെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളുടെ സംഭാവനയെന്നോണം പണം നൽകിയത്. മഹാരാഷ്ട്ര വ്യവസായ മന്ത്രി ഉദയ് സമന്ത് ആണ് ഇക്കാര്യം അറിയിച്ചത്.
11 കോടിയുടെ ചെക്ക് ഉദയ് സമന്ത് ആണ് ക്ഷേത്ര ട്രസ്റ്റിന് കൈമാറിയത്. ഇത് പൂർത്തിയാക്കിയ ശേഷമായിരുന്നു മാദ്ധ്യമങ്ങളോട് സംഭാവന നൽകിയ കാര്യം വ്യക്തമാക്കിയത്. ഏകനാഥ് ഷിൻഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെയും മറ്റ് നേതാക്കളും ചെക്ക് കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു.
രാമക്ഷേത്രത്തിനായി സംഭാവന നൽകിയതിൽ ഏകനാഥ് ഷിൻഡെയെക്ക് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി നന്ദി അറിയിച്ചു. രാമക്ഷേത്രത്തിനായി ഇത്രയും വലിയ തുക സംഭാവനയായി നൽകിയതിൽ നന്ദി അറിയിക്കുന്നതായി ചമ്പത് റായി പറഞ്ഞു. ചെക്ക് ഉടൻ ബാങ്കിൽ നൽകി പണം അക്കൗണ്ടിലേക്ക് സ്വീകരിക്കും. മഹാരാഷ്ട്രയിലെ ജനങ്ങൾക്കും ഈ അവസരത്തിൽ നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കേ പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് ഏകനാഥ് ഷിൻഡെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രത്തിന് സംഭാവന നൽകിയത്. ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിൽ ഏകനാഥ് ഷിൻഡെയും പങ്കെടുക്കും.
Discussion about this post