ന്യൂഡൽഹി: അമേരിക്കയിലെ ഹിന്ദുക്കൾക്ക് അയോദ്ധ്യയിലെ രാമക്ഷേത്രം വലിയ സന്തോഷമാണ് നൽകുന്നത് എന്ന് ന്യൂയോർക്ക് സിറ്റി മേയർ എറിക് ആദംസ്.നഗരത്തിൽ ഹിന്ദു വിശ്വാസികൾ സംഘടിപ്പിച്ച മാതാ കി ചൗകി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂയോർക്ക് സിറ്റിയെ സംബന്ധിച്ചിടത്തോളം ഹിന്ദു സമൂഹത്തിന് വലിയ പ്രാധാന്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്ക് സിറ്റിയിൽ ഇന്ത്യയിൽ നിന്നുമുള്ള ഹിന്ദുക്കൾ മാത്രമല്ല ഉള്ളത്. മറിച്ച് മറ്റ് രാജ്യങ്ങളിൽ നിന്നും ഹിന്ദുക്കളും ഇവിടെയുണ്ട്. ഇവർക്കെല്ലാം സന്തോഷിക്കാനും ആഘോഷിക്കാനുമുള്ള വകയാണ് രാമക്ഷേത്രം. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന നഗരമാണ് ന്യൂയോർക്ക് സിറ്റിയെന്നും ആദംസ് കൂട്ടിച്ചേർത്തു. അയോദ്ധ്യയിൽ രാമക്ഷേത്രം തുറക്കുക എന്നത് അതീവ പ്രാധാന്യം അർഹിക്കുന്ന ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ആദംസിനൊപ്പം വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി കമ്മീഷണർ ദിലീപ് ചൗഹാനും മറ്റ് ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
ഹിന്ദു ആചാരങ്ങൾക്കും ആഘോഷങ്ങൾക്കുമെല്ലാം അതിയായ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് എറിക് ആദംസ്. നേരത്തെ ദീപാവലിയ്ക്ക് അദ്ദേഹം ന്യൂയോർക്ക് സിറ്റിയിലെ സ്‌കൂളുകൾക്ക് പൊതു അവധി നൽകിയിരുന്നു.
Discussion about this post