തിരുവനന്തപുരം: നിയമപരമായി 18 വയസിൽ വിവാഹം കഴിക്കാൻ സാധിക്കുമെങ്കിലും ഈ പ്രായത്തിൽ തന്നെ വിവാഹം നടത്തണമെന്ന് നിർബന്ധബുദ്ധി പുലർത്തേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി സതീദേവി. പെൺകുട്ടികളെ സ്വയം പര്യാപ്തതയിൽ എത്തിച്ചതിനു ശേഷമാവണം വിവാഹം നടത്തേണ്ടതെന്ന് അവർ കൂട്ടിച്ചേർത്തു.പട്ടിക വർഗ മേഖല ക്യാമ്പിന്റെ ഭാഗമായി കുറ്റിച്ചൽ മണ്ണാംകോണം കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സതീദേവി.
കുടുംബശ്രീ ഓക്സിലിയറി ഗ്രൂപ്പുകൾ മുഖേന യുവതികൾക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു. ‘അംഗൻവാടികളിലേക്കും സ്‌കൂളുകളിലേക്കും എല്ലാ ദിവസവും കുട്ടികളെ അയയ്ക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. സ്‌കൂൾ പഠനത്തിനു സജ്ജമാക്കുന്ന മികച്ച പരിശീലനമാണ് അംഗൻവാടികളിൽ കുട്ടികൾക്കു ലഭിക്കുന്നത്. പഠനത്തിനൊപ്പം പോഷക മൂല്യമുള്ള ആഹാരവും അംഗൻവാടികളിൽ കൃത്യമായി കുട്ടികൾക്കു ലഭിക്കുന്നുണ്ട്. രണ്ടര വയസു കഴിഞ്ഞ കുട്ടികളെ നിർബന്ധമായും അംഗൻവാടികളിൽ അയയ്ക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.’ കുട്ടികൾക്ക് വിദ്യാലയങ്ങളിൽ എത്തുന്നതിന് നിലവിലുള്ള യാത്രാ സൗകര്യങ്ങളെയെല്ലാം ഉപയോഗപ്പെടുത്തണമെന്നും സതീദേവി ആവശ്യപ്പെട്ടു.
Discussion about this post