പ്രധാനമന്ത്രിയുമൊത്തുള്ള നിമിഷങ്ങൾ പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്. തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച വനിതാസംഗമത്തിൽ പങ്കെടുക്കാൻ എത്തിയ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ ചിത്രമാണ് മാധവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അവിശ്വസനീയമായ പ്രഭാവലയത്തിന് മുന്നിൽ നിൽക്കാനായത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് മാധവ് ചിത്രത്തിന് താഴെ കുറിച്ചു. പ്രധാനമന്ത്രിക്കും സഹോദരി ഭാവ്നിയ്ക്കുമൊപ്പമുള്ള ചിത്രമാണ് മാധവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത സുരേഷ് ഗോപി അതിന് ശേഷം മക്കളോടൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. മക്കളോടൊപ്പം പ്രധാനമന്ത്രിയെ സന്ദർശിച്ച ചിത്രങ്ങൾ സുരേഷ് ഗോപി പങ്കുവച്ചിരുന്നു.
നേരത്തെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് സുരേഷ് ഗോപി നരേന്ദ്രമോദിയെ ക്ഷണിക്കാനെത്തിയ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഭാര്യ രാധികയ്ക്കും മകൾക്കും ഒപ്പം ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ചിത്രങ്ങൾ താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. താമര രൂപത്തിലുള്ള ആറന്മുള കണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി.
സുരേഷ് ഗോപിയുടെ ഇളയ മകനാണ് മാധവ്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ താരം അതിഥി വേഷത്തിൽ എത്തിയിരുന്നു. മാധവ് സുരേഷ് നായകനായി എത്തുന്ന ‘കുമ്മാട്ടിക്കളി’ അണിയറയിൽ ഒരുങ്ങുകയാണ്. സുരേഷ് ഗോപിയും മാധവും മുഖ്യവേഷങ്ങളിലെത്തുന്ന ജെഎസ്കെ എന്ന ചിത്രവും പുരോഗമിക്കുകയാണ്.
Discussion about this post