തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന് ജാമ്യം നിഷേധിച്ച് കോടതി. ജനുവരി 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തു. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുള്ള സംഘർഷവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്. രാഹുലിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളിലെന്ന മെഡിക്കൽ റിപ്പോർട്ടിന് പിന്നാലെയാണ് റിമാൻഡ് ചെയ്യാനുള്ള കോടതി തീരുമാനം. രാഹുലിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നാളെ യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.
പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പോലീസ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു. പോലീസിന്റെ നടപടികൾ. പോലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടന്നത്.
ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനെതിരായ പോലീസ് നടപടി. അനുമതിയില്ലാത്ത സമരം , പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.












