അഹമ്മദാബാദ്: ഗുജറാത്തിന്റെ വികസന കുതിപ്പിന് വേഗം പകരുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം. പരിപാടി രാവിലെ 10 മണിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 135 രാജ്യങ്ങളിൽ നിന്നായി രണ്ടായിരം കമ്പനികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ഇന്നും നാളെയുമാണ് ഉച്ചകോടി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇക്കുറി ഉച്ചകോടിയിലെ മുഖ്യാതിഥി. പരിപാടിയിൽ പങ്കെടുക്കാൻ ഇന്നലെ വൈകീട്ടോടെ തന്നെ അദ്ദേഹം ഇന്ത്യയിൽ എത്തിയിട്ടുണ്ട്. യുഎഇ പ്രസിഡന്റിന് പുറമേ വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, ഗവർണർമാർ, മറ്റ് മന്ത്രിമാർ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായിട്ടുള്ള ഗുജറാത്ത് ഗ്ലോബൽ ട്രേഡ് ഷോ പ്രാധമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തിരുന്നു.
ഗുജറാത്തിന്റെ വികസനം ലക്ഷ്യമിട്ടുകൊണ്ട് നടത്തിവരുന്ന പരിപാടിയാണ് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടി. ഇക്കുറി 58 കമ്പനികൾ 7.17 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഗുജറാത്തിൽ നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. 10.31 ലക്ഷം കോടി നിക്ഷേപം നടത്തുന്നതിനുള്ള 234 ധാരണാ പത്രങ്ങളിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ ഒപ്പുവയ്ക്കും.
Discussion about this post