ലക്‌നൗ: രാമക്ഷേത്രത്തിനായുള്ള ഭീമൻ അമ്പലമണിയെ വരവേൽക്കാൻ ഒരുങ്ങി അയോദ്ധ്യ. ലക്ഷങ്ങൾ വിലമതിക്കുന്ന അമ്പലമണി ഇറ്റ ജില്ലയിലെ ജലേസർ നഗറിൽ നിന്നും അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. ജലേസർ നഗറിലെ പ്രമുഖ മെറ്റൽ വ്യവസായി ആദിത്യ മിത്താലും പ്രശാന്ത് മിത്താലും ചേർന്നാണ് ക്ഷേത്രത്തിന് ഭീമൻ അമ്പല മണി സംഭാവന ചെയ്തത്.
ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച സഹോദരൻ വികാസ് മിത്താലിന് വേണ്ടിയാണ് ഇരുവരും ചേർന്ന് അമ്പല മണി നൽകിയത്. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന് പിന്നാലെ വികാസ് ക്ഷേത്രത്തിനായി അമ്പല മണി തയ്യാറാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ 2022 ൽ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ഇതേ തുടർന്നാണ് സഹോദരന്റെ ആഗ്രഹം ഇരുവരും ചേർന്ന് സഫലമാക്കിയത്.
2,400 കിലോ ഗ്രാം ആണ് അമ്പല മണിയുടെ ഭാരം. അഷ്ടധാതുക്കൾ ( എട്ട് ലോഹങ്ങൾ) കൊണ്ടുണ്ടാക്കിയ അമ്പലമണിയ്ക്ക് ഏകദേശം 25 ലക്ഷം രൂപ വിലമതിയ്ക്കും. 30 തൊഴിലാളികൾ ചേർന്നാണ് അമ്പല മണി തയ്യാറാക്കിയിട്ടുള്ളത്. സ്വർണം, വെള്ളി, ചെമ്പ്, സിങ്ക്, ലെഡ്, ടിൻ, ഇരുമ്പ്, മെർക്കുറി എന്നീ ലോഹങ്ങൾ ചേർത്താണ് മണി നിർമ്മിച്ചിരിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായി ഇത്രയും വലിയ അമ്പലമണി സ്ഥാപിക്കപ്പെടുന്നത് അയോദ്ധ്യയിലാണ്. രണ്ട് കിലോമീറ്റർ ദൂരത്തിൽ ശബ്ദം കേൾക്കാവുന്ന തരത്തിലാണ് മണിയുടെ നിർമ്മാണം. ആറ് അടി ഉയരവും അഞ്ചടി വീതിയുമാണ് മണിയ്ക്കുള്ളത്. തീവണ്ടിയിലാണ് മണി അയോദ്ധ്യയിൽ എത്തിക്കുന്നത്.
Discussion about this post