ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന സ്ഥാനം പങ്കിട്ട് ആറ് രാജ്യങ്ങള്‍. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് 2024ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഉള്ള രാജ്യങ്ങള്‍. ഇവിടങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് മുന്‍കൂര്‍ വിസ ഇല്ലാതെ ലോകത്തിലെ 194 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കും.
ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ട് ഉള്ള രാജ്യം അഫ്ഗാനിസ്ഥാനാണ്. ഇവിടെ നിന്നുമുള്ള സഞ്ചാരികള്‍ക്ക് മുന്‍കൂര്‍ വിസ ഇല്ലാതെ ലോകത്തിലെ 28 രാജ്യങ്ങളില്‍ മാത്രമാണ് സന്ദര്‍ശനാനുമതി. 34 രാജ്യങ്ങളില്‍ മാത്രം മുന്‍കൂര്‍ വിസ ഇല്ലാതെ സന്ദര്‍ശനാനുമതി ഉള്ള പാകിസ്താന്‍ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ട് ഉള്ള രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ്. പാസ്പോര്‍ട്ട് കരുത്തില്‍ ഇറാഖും സിറിയയുമാണ് പാകിസ്താന് കൂട്ടായി പിന്‍നിരയിലുള്ള മറ്റ് രാജ്യങ്ങള്‍.
അതേസമയം, 2024ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പ്രകാരം മുന്‍കൂര്‍ വിസ ഇല്ലാതെ 62 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സാധിക്കും. പാസ്പോര്‍ട്ട് കരുത്തില്‍ അയല്‍ രാജ്യങ്ങളായ പാകിസ്താനെയും ശ്രീലങ്കയെയും ബംഗ്ലാദേശിനെയും അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
അഫ്ഗാനിസ്ഥാനും പാകിസ്താനും ഇറാഖിനും സിറിയക്കും പുറമേ യെമന്‍, സൊമാലിയ, ലിബിയ, നേപ്പാള്‍, പലസ്തീന്‍, ബംഗ്ലാദേശ്, ഉത്തര കൊറിയ, എറിത്രിയ, ശ്രീലങ്ക, ഇറാന്‍, ലെബനന്‍, നൈജീരിയ, സുഡാന്‍ എന്നീ രാജ്യങ്ങളും ദുര്‍ബലമായ പാസ്പോര്‍ട്ട് ഉള്ള രാജ്യങ്ങളാണ്.
Discussion about this post