ചെന്നൈ: തെന്നിന്ത്യൻ താരസുന്ദരി നയൻതാരയ്‌ക്കെതിരെ കേസ്. അന്നപൂർണി ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടി നയൻതാര, ചിത്രത്തിന്റെ സംവിധായകൻ നിലേഷ് കൃഷ്ണ,നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ കണ്ടന്റ് ഹെഡ് മോണിക്ക ഷെർഗിലിനുമെതിരെയാണ് കേസെടുത്തത്.
എഫ്‌ഐആറിൽ പ്രതികൾ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും ശ്രീരാമനെ അനാദരിച്ചുവെന്നും സിനിമയിലൂടെ ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിച്ചുവെന്നും ആരോപിക്കുന്നു. രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പോലീസ് സ്റ്റേഷനിൽ പരാതിനൽകിയത്.
അതേസമയം ‘അന്നപൂരണി’ നെറ്റ്ഫ്‌ലിക്‌സിൽ നിന്നും നീക്കി. ചിത്രം പിൻവലിച്ചതായി നിർമ്മാതാക്കളിലൊന്നായ സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ അറിയിച്ചു. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. മതവികാരം വൃണപ്പെടുത്തിയതിൽ മാപ്പ് ചോദിക്കുന്നു എന്നും വിവാദ രംഗങ്ങൾ നീക്കുമെന്നും സീ സ്റ്റുഡിയോ വ്യക്തമാക്കി.
ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നയൻതാര ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാചകവിദഗ്ധയാവാൻ ആഗ്രഹിക്കുന്നയാളാണ് അന്നപൂരണി. എന്നാൽ സസ്യേതര ഭക്ഷണം പാകം ചെയ്യാൻ അവൾ പല പ്രതിസന്ധികളും നേരിടുന്നുണ്ട്. ജയ് അവതരിപ്പിക്കുന്ന ഫർഹാൻ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ.
Discussion about this post