ജയ്പൂർ: അയോദ്ധ്യയിൽ വരാനിരിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ച് തനിക്കുള്ള ആവേശം പങ്കുവച്ച് ബോളിവുഡ് സൂപ്പർ താരം അഭിഷേക് ബച്ചൻ. രാമക്ഷേത്രം എങ്ങനെയാകും ഉണ്ടാകുക എന്ന് കാണാനും അനുഗ്രഹം തേടാനുമുള്ള ആവേശത്തിലാണ് താനെന്ന് അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അദ്ദേഹം.
അക്ഷയ് കുമാർ, കങ്കണ റണാവത്ത്, ടൈഗർ ഷ്രോഫ്, ജാക്കി ഷ്റോഫ്, ഹരിഹരൻ, രജനീകാന്ത്, അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട്, രൺദീപ് ഹൂഡ താരങ്ങൾക്ക് അയോദ്ധ്യാ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്. ഈ മാസം 22നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുക. ജനുവരി 16ന് തന്നെ പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിക്കും.
ചടങ്ങിനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അയോദ്ധ്യയിൽ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. നാലായിരത്തോളം സന്യാസിമാരെയാണ് ചടങ്ങിലേക്ക് ക്ഷേത്രം ട്രസ്റ്റ് ക്ഷണിച്ചിരിക്കുന്നത്. വാരണാസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്മി കാന്ത് ദീക്ഷിത് പ്രാൺ പ്രതിഷ്ഠയുടെ പ്രധാന ചടങ്ങുകൾ നിർവഹിക്കും. വരുന്ന 14 മുതൽ 22 വരെ അയോദ്ധ്യയിൽ അമൃത് മഹോത്സവം ആഘോഷിക്കും. 1008 ഹുണ്ടി മഹായാഗവും പ്രതിഷ്ഠാ ദിവസം നടക്കും.
Discussion about this post