തിരുവനന്തപുരം; സംസ്ഥാന സർക്കാരിന്റെ നവകേരള ബസിന് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയ്ക്കായി ഉപയോഗിച്ച ബസ് മുഖം മിനുക്കുന്നു. അറ്റകുറ്റപണികൾ നടത്തി, ചെറിയ മാറ്റങ്ങൾ വരുത്തി സാധാരണ കോൺട്രാക്ട് കാര്യേജാക്കി മാറ്റാനാണ് തീരുമാനം. കെഎസ്ആർടിസിയുടെ വിനോദസഞ്ചാര പദ്ധതികൾക്ക് ഉപയോഗിക്കാനാണ് മാറ്റങ്ങൾ.
മുഖ്യമന്ത്രി പിണറായി വിജയൻ ഇരുന്ന സീറ്റും ബസിൽ നിന്ന് ഇറങ്ങാനുള്ള ലിഫ്റ്റും പൊളിച്ചുമാറ്റും. വി.ഐ.പി സുരക്ഷാ സജ്ജീകരണങ്ങൾ നീക്കും.കല്ലേറിൽ തകരാത്ത വശങ്ങളിലെ ഗ്ലാസ് നീക്കി കൂടുതൽ കാഴ്ചകിട്ടുന്ന ഗ്ലാസുകൾ പിടിപ്പിക്കും. ചെറിയ മാറ്റങ്ങളോടെ ടോയ്ലറ്റ് നിലനിർത്തും. സാധാരണ റൂഫ്ടോപ്പ് എ.സി മാത്രമാകും ഉണ്ടാകുക. ബസ് നിറുത്തിയിടുമ്പോൾ പ്രവർത്തിപ്പിക്കുന്ന സ്പ്ലിറ്റ് എ.സി, ജനറേറ്റർ, ഇൻവെർട്ടർ എന്നിവ ഒഴിവാക്കും. സാധനങ്ങൾ വയ്ക്കാൻ പിന്നിൽ സീറ്റുകൾ പുനഃക്രമീകരിക്കും.
നവകേരള സദസിന്റെ എറണാകുളം പര്യടനം അവസാനിച്ച ശേഷം ബസ് ബംഗളൂരുവിലെ ‘പ്രകാശ്’ കോച്ച് ബിൽഡേഴ്‌സിന് കൈമാറിയിരുന്നു. 1.15 കോടി രൂപ ചെലവിട്ട് അവിടെയാണ് ബസ് നിർമിച്ചത്.
Discussion about this post